തൃശ്ശൂര്‍: ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊല്ലുന്ന വാര്‍ത്തകള്‍ കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കേരളത്തില്‍ നിന്നും ഉയര്‍ന്നു കേട്ട മനസാക്ഷിയെ ഞെട്ടിക്കുന്ന പേരായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്. ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് അട്ടപ്പാടിയിലെ സാധാരണ ജീവിതം നയിക്കുന്ന ഒരു കൂട്ടം ജനങ്ങള്‍; നിഷ്കളങ്കനായ, മാനസിക നിലതകരാറിലായ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേരളത്തിന് ഒരിക്കലും സഹിക്കാനാകുന്ന ഒരു തെറ്റായിരുന്നില്ല, അത്. ഇതേ മധുവിന്റെ പെങ്ങള് കാലത്തിനോട് പ്രതികാരം ചെയ്തത് തന്റെ സഹോദരനെ കൊലപ്പെടുത്തിയ സമൂഹത്തിന് സുരക്ഷയൊരുക്കാനുള്ള നിയോഗം ഏറ്റെടുത്താണ്.
പിഎസ്സി എഴുതി മികച്ച മാര്‍ക്ക് വാങ്ങി റാങ്ക് ലിസ്റ്റിലിടം പിടിച്ച മധുവിന്റെ സഹോദരി ചന്ദ്രിക ഇപ്പോള്‍ കേരള പോലീസ് സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ചന്ദ്രികയുടെ പോലീസ് ട്രെയിനിങ് പൂര്‍ത്തിയായിരിക്കുകയാണ്. തൃശ്ശൂര്‍ പോലീസ് അക്കാദമി മൈതാനത്തായിരുന്നു ചന്ദ്രികയുടെ പാസിങ് ഔട്ട് പരേഡ് നടന്നത്.
2018 ഫെബ്രുവരി 22നാണ് ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവിനെ ഒരു കൂട്ടം യുവാക്കള്‍ തല്ലിക്കൊന്നത്. മധു മരിക്കുമ്പോള്‍ ചന്ദ്രിക കേരള പോലീസിന്റെ ഭാഗമാകാനായുള്ള പിഎസ്സി ടെസ്റ്റ് എഴുതി റാങ്ക് ലിസ്റ്റിലിടം പിടിച്ചിരിക്കുകയായിരുന്നു. ജനക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ സഹോദരന്റെ മരണത്തിന്റെ വേദനയും നെഞ്ചിലേറ്റിയാണ് ചന്ദിക ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.
ആദിവാസി മേഖലയില്‍ നിന്ന് പ്രത്യേക നിയമനം വഴി സര്‍ക്കാര്‍ തെരഞ്ഞെടുത്ത 74 പേരിലാണ് ചന്ദ്രികയും ഉള്‍പ്പെട്ടത്. ചന്ദ്രിക ഉള്‍പ്പടെ പാലക്കാട് ജില്ലയില്‍ നിന്ന് 15 പേരാണ് പോലീസില്‍ ഇക്കുറി നിയമിതരാവുന്നത്. ചന്ദ്രികയുടെ സഹോദരി സരസു അങ്കണവാടി വര്‍ക്കറും അമ്മ മല്ലി അങ്കണവാടി ഹെല്‍പ്പറുമാണ്.
Discussion about this post