നെയ്യാറ്റിന്‍കര: കാനറാ ബാങ്കില്‍ നിന്നും 16 വര്‍ഷം മുമ്പെടുത്ത ഭവനവായ്പ മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജപ്തി നടപടിയുമായി മുന്നോട്ട് പോയതോടെ വൈഷ്ണവിയെന്ന പെണ്‍കുട്ടിയും അമ്മ ലേഖയും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടുങ്ങല്‍ മാറാതെ നെയ്യാറ്റിന്‍കര. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ രുദ്രന്റെ ഭാര്യയും മകളുമാണ് ബാങ്ക് വീടൊഴിയാന്‍ നല്‍കിയ അവസാന ദിനത്തില്‍ ആത്മഹത്യ ചെയ്തത്. കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടൊഴിയേണ്ടി വരുമെന്ന ഭീതിയില്‍ ആത്മഹത്യ ചെയ്ത ഇരുവരും, നേരത്തെ ബാങ്കിലെ ബാധ്യത തീര്‍ക്കാനായി ആ വീടും പുരയിടവും വില്‍ക്കാനൊരുങ്ങിയതായിരുന്നു. ബാങ്കിന്റെ ഭീഷണി ഭയന്ന് 45 ലക്ഷത്തോളം വിലവരുന്ന വസ്തു പാതിവിലയ്ക്ക് വില്‍ക്കാന്‍ പോലും ഈ കുടുംബം തയ്യാറായിരുന്നു. എന്നാല്‍ വസ്തുവാങ്ങാമെന്ന് വാക്കുനല്‍കിയ ആള്‍ അവസാന നിമിഷം കാലുമാറിയതോടെ എല്ലാ പ്രതീക്ഷകളും നശിച്ച് ഈ അമ്മയും മകളും ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. ബാങ്ക് നല്‍കിയ അവധി അവസാനിച്ച 14ാം തീയതി ഉച്ചവരെ അവര്‍ വീടും വസ്തുവും വാങ്ങുന്ന ആളെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ വില ഇനിയും കുറയുമോ എന്ന് നോക്കി നിന്ന ആ വ്യക്തിയുടെ അത്യാഗ്രഹം ഒടുവില്‍ രണ്ട് ജീവനുകളെയാണ് തട്ടിയെടുത്തത്.
അതേസമയം, ജപ്തി നടപടികളുമായി ബാങ്ക് ദ്രുതഗതിയില്‍ മുന്നോട്ടു പോയതും കുടുംബത്തിനും തിരിച്ചടിയായെന്ന് നാട്ടുകാര്‍ പറയുന്നു. കാനറ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയില്‍നിന്ന് 2003 ലാണു ഗൃഹാനാഥനായ ചന്ദ്രന്‍ 5 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തത്. 8 ലക്ഷത്തോളം രൂപ തിരിച്ചടച്ചു. 2010 ല്‍ അടവ് മുടങ്ങിയതോടെ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. 6.8 ലക്ഷമാണ് ഇപ്പോഴത്തെ കുടിശിക. സര്‍ഫാസി നിയമപ്രകാരം റിക്കവറി നടപടികള്‍ക്കായി ബാങ്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും പോലീസും കഴിഞ്ഞ വെള്ളിയാഴ്ച ജപ്തി നടപടികള്‍ക്കായി എത്തിയിരുന്നു.
14 നു മുന്‍പ് വീട് വിറ്റ് പണം അടയ്ക്കാമെന്നു ചന്ദ്രനും കുടുംബവും ബാങ്കിന് എഴുതി ഒപ്പിട്ടു നല്‍കുകയും ജപ്തി നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ഈ സമയത്താണ് പാതി വിലയ്ക്ക് സ്ഥലം വാങ്ങാന്‍ തയ്യാറായി ബാലരാമപുരം സ്വദേശിയെത്തിയത്. 45 ലക്ഷത്തോളം രൂപ മതിപ്പുവിലയുള്ള 10.5 സെന്റ് സ്ഥലവും വീടും ആ വിലയ്ക്ക് വില്‍ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്നാണ് ഒടുവില്‍ 24 ലക്ഷം രൂപയ്ക്കു വാങ്ങാമെന്ന ബാലരാമപുരം സ്വദേശിയുടെ വാഗ്ദാനം ചന്ദ്രനും കുടുംബവും സ്വീകരിച്ചത്. ഇന്നലെ ഉച്ചവരെ ഈ വ്യക്തിയുമായുള്ള ഇടപാടിനായി ഇവര്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ ദിവസം നല്‍കിയ ഉറപ്പില്‍ നിന്നും ഇവര്‍ പിന്മാറി. ഉച്ചയായിട്ടും കച്ചവടം നടക്കാതെ വന്നതോടെ കുടുംബം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു കുടുംബം. ഇന്നലെ ഉച്ചയ്ക്ക് മുന്‍പ് പണമടച്ചില്ലെങ്കില്‍ ബാങ്കിനു തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു വ്യവസ്ഥ.
ഒടുവില്‍ ബാങ്കില്‍ നിന്നും ഫോണ്‍ വന്നതോടെ നിരാശയിലായ വൈഷ്ണവിയും ലേഖയും കിടപ്പുമുറിയില്‍ കയറി വാതിലടച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ചന്ദ്രനും അമ്മ കൃഷ്ണമ്മയും വീടിനു പുറത്തായിരുന്നു ആ സമയം. കമ്പിപ്പാര ഉപയോഗിച്ച് കതക് തകര്‍ത്താണ് നാട്ടുകാര്‍ ഇരുവരെയും പുറത്തെത്തിച്ചത്. വൈഷ്ണവി അപ്പോഴേക്കും ജീവന്‍ വെടിഞ്ഞിരുന്നു. ലേഖയാകട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി.