തിരുവനന്തപുരം: കാനറ ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് നെയ്യാറ്റിന്‍കരയില്‍ ഒരു അമ്മയും മകളും ആത്മഹത്യ ചെയ്തത്. ഇത്തരമൊരു വാര്‍ത്ത നമ്മള് മുമ്പും കേട്ടിരുന്നു. കിടപ്പാടം ജപ്തി ചെയ്തതിനെ തുടര്‍ന്ന് സമരം ചെയ്ത പ്രീത ഷാജിയുടെ വാര്‍ത്തയായിരുന്നു അത്.
സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കൊച്ചിയിലെ ഇടപ്പള്ളി പത്തടിപ്പാലം മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥവും ജപ്തി ചെയ്യാന്‍ തീരുമാനിച്ചത്. കിടപ്പാടം ജപ്തി ചെയ്ത ബാങ്ക് നടപടിക്കെതിരെ പ്രീത ഷാജി ചിതയൊരുക്കി പ്രതിഷേധിച്ചതോടെ വിഷയം ജനശ്രദ്ധനേടി.
രണ്ടുകോടി മുപ്പതുലക്ഷം രൂപ കുടിശികയായെന്ന കണക്കുണ്ടാക്കി, രണ്ടരക്കോടി രൂപ മതിപ്പുവില കണക്കാക്കുന്ന പ്രീതയുടെ കിടപ്പാടം 38 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റുവെന്നാണ് ആക്ഷേപം. പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധ പട്കര്‍ അടക്കം നിരവധി പേര് പ്രീതയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇത്തരത്തില്‍ ആത്മഹത്യയുടെ വക്കിലെത്തിയ നിര്ദ്ധനകുടുംബമുണ്ട്. വായ്പ നല്കിയ കാനറ ബാങ്കിന്റെ തന്നെ സമ്മര്‍ദ്ദം കാരണം ആത്മഹത്യയുടെ വക്കിലാണ് നെയ്യാറ്റിന്‍കരയിലെ തന്നെ മറ്റൊരു കുടുംബം. ഭര്‍ത്താവ് മരിച്ചതോടെ വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പുഷ്പലീലയും കുടുംബവും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണിപ്പോള്‍.
മൂന്ന് പെണ്മക്കളുടെ വിവാഹത്തിനും മോട്ടോര്‍ പമ്പ് ബിസിനസ് ആവശ്യങ്ങള്‍ക്കുമായാണ് പുഷ്പലീലയുടെ ഭര്‍ത്താവ് റസല്‍ രാജ് 2015ല്‍ കാനറാ ബാങ്കില്‍ നിന്നും വായ്പെടുത്തത്. പത്ത് ലക്ഷം രൂപയാണ് കുന്നത്തുകാല്‍ ശാഖയില്‍ നിന്ന് റസല്‍ കൈപ്പറ്റിയത്. 2018 ഫെബ്രുവരിയില്‍ റസല്‍രാജ് മരിക്കുന്നത് വരെ വായ്പ കൃത്യമായി അടച്ചു.
റസല്‍ രാജിന്റെ മരണത്തോടെ ബിസിനസ് നഷ്ടത്തിലായി, വായ്പാ തിരിച്ചടവ് മുടങ്ങി. ഇതോടെ ബാങ്കുകാരുടെ മട്ടും മാറി. പലിശയടക്കം 11 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആകെയുള്ള 30 സെന്റ് റബ്ബര്‍ പുരയിടം ഈട് വച്ചാണ് വായ്പയെടുത്തത്. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്ന് കാട്ടി നോട്ടീസ് പതിക്കുമെന്നാണ് ബാങ്ക് അധികൃതരുടെ ഭീഷണിയെന്ന് പുഷ്പലീല പറയുന്നു.
വായ്പാ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ട് പുഷ്പലീല മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പക്ഷെ ഏത് നിമിഷവും ജപ്തി നപടികളുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോകുമെന്ന ആശങ്കയിലാണ് ഈ കുടുംബം.
Discussion about this post