തിരുവനന്തപുരം: വീട് ജപ്തി ചെയ്യുമെന്ന് അറിയിപ്പ് കിട്ടിയതോടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച മകള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ മകള്‍ വൈഷ്ണവി (19) മരിച്ചു. അമ്മ ലേഖ (40) ഗുരുതരാവസ്ഥയിലാണ്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന് വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിന് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാനറ ബാങ്കില്‍ നിന്നും അഞ്ച് ലക്ഷം രൂപ വായ്പയെടുത്തു.
എന്നാല്‍ ചന്ദ്രന്റെ വിദേശത്തുള്ള ജോലി നഷ്ടമായതിനെ തുടര്‍ന്ന് 2010 മുതല്‍ തിരിച്ചടവ് മുടങ്ങി. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ച് ലക്ഷം വായ്പ എടുത്തെങ്കിലും എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാല്‍ 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന് പറയുന്നത്. ഇതിനെത്തുടര്‍ന്നു ബാങ്ക് തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് നല്കി.
കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഈ മാസം 10-ാം തീയതി അഭിഭാഷക കമ്മിഷനും പോലീസും ജപ്തി നടപടികള്‍ക്ക് വീട്ടിലെത്തി. നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തു.
അതേസമയം നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്നാണ് ലേഖയും വൈഷ്ണവിയും ഇന്ന് ഉച്ചയ്ക്ക് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
Discussion about this post