കൊച്ചി: തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ കരങ്ങളാല്‍ മൃഗീയ മര്‍ദ്ദനമേറ്റ് ഏഴുവയസുകാരന് കൊല്ലപ്പെട്ടത് കേരളക്കരയുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ഏറെ വിവാദത്തിന് വഴിവെച്ചത് അമ്മയുടെ പെരുമാറ്റവും. കുഞ്ഞിനെ വലിച്ചെറിയുമ്പോഴും തലപൊട്ടി രക്തം വാര്‍ന്ന് ഒഴുകുമ്പോഴും ഈ അമ്മയുടെ മുഖത്ത് മൗനമായിരുന്നു. കണ്മുന്പില് ഇട്ട് മകനെ തല്ലിചതക്കുമ്പോഴും മൗനം പാലിച്ച് പുറത്ത് പറയാതെ ആ കുട്ടിയെ ഇരയാക്കുകയായിരുന്നു.
പ്രതി അരുണിനെതിരെയുള്ളതിനേക്കാള്‍ വിദ്വേഷം കേരളക്കരയ്ക്ക് ആ അമ്മയോട് മാത്രമായിരുന്നു. ഇപ്പോള്‍ ആ കുഞ്ഞിനെയും അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരതകള്‍ സംഗീത ആല്‍ബമായി ഒരു പറ്റം യുവാക്കള്‍ പുനരാവിഷ്ക്കരിച്ചിരിക്കുകയാണ്. നമ്മുടെയെല്ലാം കണ്ണു നനയിച്ച സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബത്തിന്റെ പേര് കണ്ണീര് കാഴ്ച്ചയെന്നാണ്. കൂടുതലായും പ്രതിപാദിക്കുന്നത് നഷ്ടപ്പെട്ടുപോയ അച്ഛന്റെ കരുതലും സ്നേഹവുമാണ്.
മരിച്ചു പോയ അച്ഛനെ ഓര്‍ത്ത് ഈ കുഞ്ഞു മനസിനെ എത്രത്തോളം വേദനിപ്പിച്ചിരുന്നുവെന്നും ഈ ദൃശ്യങ്ങള്‍ പറയുന്നുണ്ട്. കൊലപാതക കേസിലെ രണ്ടാം പ്രതിയായ അമ്മയും ഒന്നാം പ്രതിയായ സുഹൃത്ത് അരുണ്‍ ആനന്ദുമെല്ലാം അഭിനേതാക്കളിലൂടെ വീണ്ടും നമുക്ക് മുന്പില് എത്തുന്നുണ്ട്. കണ്ണീര് കാഴ്ച എന്നാണ് ആല്‍ബത്തിന്റെ പേര്.
യുട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ നിരവധി ആളുകള്‍ കണ്ട് കഴിഞ്ഞു. ഇനിയൊരു കുരുന്നു ജീവനും ഇതുപോലെ പൊലിയാതിരിക്കട്ടെ എന്ന ആശയമാണ് ഈ ആല്‍ബം പങ്കുവെയ്ക്കുന്നത്. ഏറെ വിസ്മയിപ്പിക്കുന്നത് സംഭവത്തില്‍ ബന്ധപ്പെട്ടവരുടെ രൂപ സാദൃശ്യമുള്ളവര്‍ തന്നെയാണ് ആല്‍ബത്തിലും എത്തുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് റംഷാദ് ബക്കറാണ് ആല്‍ബത്തിന്റെയും സംവിധായകന്. ഡാവിഞ്ചി സുരേഷാണ് വരികളെഴുതി സംഗീതം നല്‍കിയത്.
Discussion about this post