കോഴിക്കോട്: മുക്കം നിലേശ്വരം സ്‌കൂളില്‍ കുട്ടികള്‍ക്ക് പകരം അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ പോലീസും വിദ്യാഭ്യസ വകുപ്പും തെളിവെടുപ്പ് നടത്തി. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് കുട്ടികളും മാതാപിതാക്കളും വ്യക്തമാക്കി. ജൂണ്‍ പത്തിനാണ് സേ പരീക്ഷ.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ് ഹയര്‍ സെക്കന്‍ഡറി ജോയന്റ് ഡയറക്ടര്‍ ,റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടിയ സംഘം സ്‌കൂളില്‍ എത്തി മൊഴി എടുത്തത്. അധ്യാപകന്‍ പരീക്ഷ എഴുതിയ നാല് വിദ്യാര്‍ത്ഥികളുടെയും, പരീക്ഷ ദിവസം സ്‌കൂളില്‍ ഉണ്ടായിരുന്ന 14 അധ്യാപകരുടെയും മൊഴി എടുത്തു.
വിജയശതമാനം കൂട്ടാനാണ് പരീക്ഷാ ക്രമക്കേട് നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. പ്രതികളായ മൂന്ന് അധ്യാപകര്‍ ഇപ്പോള്‍ ഒളിവിലാണ്. പ്രധാന അധ്യാപികയായ കെ റസിയ, പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുള്ള ചേന്നമംഗലൂര്‍ സ്‌കൂളിലെ അധ്യാപകന്‍ പികെ ഫൈസല്‍ എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Discussion about this post