കൊല്ലം: പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്കും കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അടുത്ത 25 വര്‍ഷത്തേക്ക് പ്രതികള്‍ക്ക് ജാമ്യവും പരോളും നല്‍കരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നിര്‍ദേശിച്ചു.
2018 ഓഗസ്റ്റ് 15-നാണ് രഞ്ജിത്ത് ജോണ്‍സണിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ കേസിലെ അദ്യ പ്രതി അറസ്റ്റിലായി 82 ആം ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനകം തന്നെ കേസില്‍ വിധിയും വന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ കിളിക്കൊല്ലൂര്‍ എസ്‌ഐ അനില്‍ കുമാറെ അന്വേഷണ ചുമതലയില്‍ പോലീസ് നിലനിര്‍ത്തിയത്. എസ്‌ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തേയും കേസ് വാദിച്ച പ്രോസിക്യൂഷനേയും കോടതി പ്രത്യേകം അനുമോദിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15 നാണ് രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. അഞ്ചംഗ സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയത്. കേസിലെ മുഖ്യ പ്രതിയായ മനോജ് എന്ന പാമ്പ് മനോജിന്റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്റെ അമ്മ ട്രീസ കിളിക്കൊല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെ കേസില്‍ അന്വേഷണം ആരംഭിക്കുന്നത്.
രഞ്ജിത്തിനെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലാക്കിയ പോലീസ് പ്രതികളെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വച്ചു പിടികൂടി. വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ച് കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം തിരുനല്‍വേല്ലിക്ക് അടുത്തുള്ള സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കിടയില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, ഗൂഢാലോചന, മാരകമായി മുറിവേല്‍പിക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കു മേല്‍ ചുമത്തിയത്. പാമ്പ് മനോജിന്റെ നേതൃത്വത്തില്‍ അഞ്ചംഗം സംഘമാണ് രഞ്ജിത്തിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. അന്വേഷണത്തിനിടെ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘം സാഹസികമായി പിടികൂടിയത്. പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
ശക്തമായ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കേസിലെ പ്രതികളെല്ലാം. പാമ്പ് മനോജും ഉണ്ണിയും ആണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ വേണ്ട ആസൂത്രണം നടത്തിയത്.