തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന് സമാപിക്കും. പകല്‍പ്പൂരത്തോടെ രണ്ട് ദിവസം നീണ്ട ആഘോഷ ദിനങ്ങള്‍ക്ക് ഇന്ന് പരിസമാപ്തിയാകും. ഇന്നാണ് പകല്‍പൂരം. ഉച്ചയ്ക്ക് 12ന് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം കൊടിയിറങ്ങും.
അതേസമയം, വൈവിധ്യമാര്‍ന്ന കുടമാറ്റത്തിനാണ് ഇത്തവണ പൂരം സാക്ഷ്യം വഹിച്ചത്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുടമാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും ശബരിമലയുമെല്ലാം കുടകളില്‍ വര്‍ണങ്ങളായി നിരന്നു.
കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,എല്‍ഇഡി വെളിച്ചങ്ങള്‍ ഇങ്ങനെ തുടങ്ങി ആവേശത്തിന്റെ അലമാലകള്‍ തീര്‍ത്താണ് കുടമാറ്റം പൂര്‍ത്തിയായത്. കൈമെയ് മറന്ന് ആയിരങ്ങളാണ് പൂരാവേശത്തിന് നിറം പകരാനെത്തിയത്. വൈകുന്നേരം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്.
ഇരുവശത്തുമായി ഇരുക്ഷേത്രങ്ങളുടെയും 15 വീതം ആനകള്‍ അണിനിരന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള ഇലഞ്ഞിത്തറ മേളം ആസ്വാദകര്‍ക്ക് മറ്റൊരു വിരുന്നായി. പുലര്‍ച്ചെ നടന്ന വെടിക്കെട്ടും ആസ്വാദകര്‍ക്ക് വിരുന്നായി. കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വെടിക്കെട്ട് നടത്തിയത്. കനത്ത സുരക്ഷയിലായിരുന്നു ഇക്കുറി പൂരം.