തൃശ്ശൂര്‍: പൂര പ്രേമികളുടെ കണ്ണും മനസ്സും നിറച്ച് വര്‍ണ്ണവിസ്മയം തീര്‍ത്ത് കുടമാറ്റം.
അണിനിരത്തിയ ഗജവീരന്മാരുടെ പൊലിമയും വര്‍ണക്കുടകളുടെ ദൃശ്യചാരുതയും മനസ്സിലാവാഹിച്ച് ഒരോ പൂരപ്രേമിയും മതിമറക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്കാണ് പൂരനഗരി സാക്ഷ്യംവഹിക്കുന്നത്.
ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിനു ശേഷം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. വര്‍ണക്കുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമായി.
പാറമേക്കാവും തിരുവമ്പാടിയും വാശിയോടെ വിസ്മയങ്ങളുടെ കാഴ്ചകള്‍ ഒന്നൊന്നായി പുറത്തെടുത്തതോടെ പൂരപ്രേമികള്‍ ആവേശത്തിലാറാടി. കണ്ണ് ചിമ്മാതെ നില്ക്കുന്ന പൂരപ്രേമികളുടെ ആരവങ്ങള്‍ക്ക് നടുവില്‍ പതിവില്ലാത്ത വര്‍ണക്കൂട്ടുകളും കോപ്പുകളും നിറച്ച കുടകളുടെ വരവ് വിസ്മയ കാഴ്ചയായി. കൂട്ടത്തില്‍ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികരെ ആദരിച്ചും കുടകളുയര്‍ന്നു.
രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്.
Discussion about this post