തൃശ്ശൂര്‍: മാതൃദിനത്തിന്റെ അന്നു മാത്രം ഓര്‍ക്കേണ്ട നന്മയല്ല അമ്മയെന്ന സത്യം. സ്വന്തം കുഞ്ഞിനായി ഊണും ഉറക്കവും ഉപേക്ഷിച്ച് കാവലിരുന്ന സ്വന്തം ആരോഗ്യം പോലും അവഗണിച്ച് മാനസികമായും ശാരീരികമായും വേദന തിന്ന ആ അമ്മ ദിവസങ്ങളെ കുറിച്ച് എല്ലാ അമ്മമാര്‍ക്കും പറയാനുണ്ടാകും. ഇത്തരത്തില്‍ തന്റെ മകള്‍ പത്മ ജനിച്ചതിനു ശേഷം സഹിച്ച ത്യാഗങ്ങളും സന്തോഷങ്ങളും സന്തോഷത്തോടെ പങ്കുവെയ്ക്കുകയാണ് അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വളരെ വേഗത്തിലാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അശ്വതി ശ്രീകാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഞാനൊരു നല്ല അമ്മയല്ലേ എന്ന ചോദ്യം എന്നോട് തന്നെ ചോദിച്ച് ‘അല്ല’ എന്ന് നിര്‍ദാക്ഷിണ്യം ഉത്തരം കൊടുത്ത് വിഷാദത്തിലേയ്ക്ക് ഞാനെത്ര വട്ടം കൂപ്പു കുത്തിയിട്ടുണ്ടെന്നറിയാമോ ?? അപ്പോഴൊക്കെ ചേര്‍ത്ത് നിര്‍ത്തി ഭര്‍ത്താവ് ചോദിക്കും ‘നീ നല്ല അമ്മയല്ലെങ്കില്‍ പിന്നെ ആരാടി നല്ല അമ്മ’ ആ ഒരു ചോദ്യത്തിന്റെ ബലത്തില്‍ ഞാന്‍ വീണ്ടും നിവര്‍ന്നു നില്ക്കും . ദുബായില്‍ റേഡിയോ അവതാരകയായിരുന്ന കാലത്താണ് പത്മ ജനിക്കുന്നത്. പ്രസവത്തിന് ഒരാഴ്ച മുന്‍പ് വരെയും ജോലിയ്ക്ക് പോയിരുന്നു. ഇടയ്ക്കുള്ള ചെറിയ കിതപ്പുകളും രാത്രിയിലെ മസിലുരുണ്ടു കയറ്റവും ഒഴിച്ചാല്‍ ഗര്‍ഭകാലം അത്ര കഠിനം ഒന്നുമില്ലായിരുന്നു. കടിഞ്ഞൂല്‍ പ്രസവമായതു കൊണ്ട് പന്ത്രണ്ടു മണിക്കൂര്‍ വരെ ലേബര്‍ പെയിന്‍ പ്രതീക്ഷിക്കാമെന്ന് പറഞ്ഞ ഡോക്ടറെ പോലും അമ്പരപ്പിച്ച് വെറും നാലു മണിക്കൂറിനുള്ളില്‍ സുഖ പ്രസവം (അനുഭവിക്കുന്നവര്‍ക്ക് അത്ര സുഖമല്ലെങ്കിലും)മറ്റേര്‍ണിറ്റി ലീവ് മുഴുവന്‍ കുഞ്ഞുണ്ടായതിനു ശേഷം എടുക്കാം എന്ന് തീരുമാനിച്ചതിനാല്‍ ഏഴാം മാസത്തിലെ നാട്ടില്‍ പോക്കുണ്ടായില്ല. പ്രസവ സമയത്ത് അമ്മയ്ക്ക് എത്താനും കഴിഞ്ഞില്ല. ഭര്‍ത്താവിന്റെ അമ്മയായിരുന്നു കൂടെയുണ്ടായിരുന്നത്. നാട്ടില്‍ നിന്നും സഹായത്തിനു കൊണ്ടു വന്ന ഒരു ചേച്ചിയും.
ജനിച്ച ആദ്യ ദിവസം രാത്രി കുഞ്ഞ് സുഖമായുറങ്ങി. ഭാഗ്യം, രാത്രി ഉറങ്ങുന്നുണ്ടല്ലോ എന്ന് ഞങ്ങള്‍ ആശ്വാസം പറഞ്ഞു. പക്ഷേ അത് പിന്നീടങ്ങോട്ട് വര്‍ഷങ്ങള്‍ നീളുന്ന ഉറക്കമില്ലാത്ത രാത്രികളുടെ തുടക്കം മാത്രമായിരുന്നു. പത്മ പകലൊക്കെ ഉറങ്ങി രാത്രി മുഴുവന്‍ ഉണര്‍ന്നു കരഞ്ഞു കൊണ്ടേയിരുന്നു. കൈക്കുഞ്ഞുങ്ങളെ എടുക്കാന്‍ പോലും വശമില്ലായിരുന്ന ഞാനും ഏതൊരമ്മയെയും പോലെ കുഞ്ഞിനെയെയും എടുത്ത് രാവെളുക്കുവോളം മുറിയിലൂടെ നടന്നു. പാലു തികയാഞ്ഞിട്ടാകുമെന്ന അടക്കം പറച്ചിലുകള്‍ക്കൊടുവില്‍ കുപ്പിപ്പാലും രംഗപ്രവേശം ചെയ്തു. അന്നെനിക്കത് കടുത്ത അപമാനമായാണ് അനുഭവപ്പെട്ടത്. എന്റെ കുഞ്ഞിന്റെ വിശപ്പടക്കാന്‍ പോലും കഴിവില്ലെങ്കില്‍ ഞാനെന്ത് അമ്മയാണെന്ന് ഞാന്‍ ആരും കാണാതെ കരഞ്ഞു.
എന്റെ അമ്മ അടുത്തില്ലാത്ത കുറവ് അറിയിക്കാതിരിക്കാന്‍ ഭര്‍ത്താവിന്റെ അമ്മ സ്വന്തം അനാരോഗ്യം മറന്ന് പ്രസവ ശുശ്രൂഷകള്‍ തന്നു കൂടെ തന്നെയുണ്ടായിരുന്നു. പക്ഷേ എന്നിട്ടും അമ്മ പോലും കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് എടുത്തു കൊണ്ട് പോകുന്നത് എനിക്ക് കടുത്ത അസ്വസ്ഥതയുണ്ടാക്കി. കറുത്തിരുണ്ടു പോയ കഴുത്തും സഞ്ചി പോലെ തൂങ്ങിപ്പോയ വയറും കണ്ണാടിയില്‍ കണ്ട് ഇതൊന്നും ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നു സ്വയം ഉറപ്പിച്ചു. രാത്രി ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനോട് ഞാന്‍ അകാരണമായി വഴക്കുകള്‍ ഉണ്ടാക്കി. കുഞ്ഞിന്റെ നിര്‍ത്താത്ത കരച്ചില് കേള്‍ക്കുമ്പോള്‍ പലപ്പോഴും ഞാന്‍ ആറാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേയ്ക്ക് ചാടിയാലോ എന്നാലോചിച്ചു. നാട്ടില്‍ നിന്നും എന്റെ അമ്മ വിളിക്കുമ്പോഴൊക്കെ ഞാന്‍ സന്തോഷത്തിലാണോ എന്ന് ആവര്‍ത്തിച്ച് അന്വേഷിച്ചു. അല്ലെന്നു ഞാന്‍ ആരോടും പറഞ്ഞില്ല. ഗര്‍ഭിണിയായിരുന്നപ്പോള്‍ പാതിരാത്രി പോലും എഴുന്നേറ്റ് ഭക്ഷണം കഴിച്ചിരുന്ന എനിക്ക് വിശപ്പേ ഇല്ലാതായി. പ്രസവം കഴിഞ്ഞാല്‍ നാല്പത്തൊന്നു ദിവസത്തേയ്ക്കോ മറ്റോ വെജിറ്റേറിയന്‍ മാത്രമേ കഴിക്കാവൂ എന്ന അലിഖിത നിയമം സഹിക്കാനാവാതെ അമ്മ തന്ന ഭക്ഷണം പലതും ആരുമറിയാതെ വേസ്റ്റ് കുട്ടയിലിട്ടു. ഞാന്‍ എന്നോട് തന്നെ യുദ്ധം പ്രഖ്യാപിച്ചു. ലോകത്താര്‍ക്കും എന്നോട് സ്നേഹമില്ലെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു. പ്രസവ ശേഷം പല സ്ത്രീകളും കടന്നു പോകുന്ന ഇത്തരം മാനസിക അവസ്ഥകളെക്കുറിച്ച് വായിച്ചും കെട്ടും അറിഞ്ഞിരുന്നത് കൊണ്ട് മാത്രം ഇതും കടന്നു പോകുമെന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു കൊണ്ടിരുന്നു. മുലപ്പാലും കുപ്പിപ്പാലും മാറി മാറി കൊടുത്തിട്ടും ഗ്യാസിനുള്ള മരുന്നുകള്‍ കൊടുത്തിട്ടും കടുകും മുളകുമുഴിഞ്ഞ് ഗ്യാസ് അടുപ്പിന്റെ പരിധികളില്‍ നിന്ന് കത്തിച്ചിട്ടും പത്മ രാത്രികളില്‍ നിര്‍ത്താതെ കരഞ്ഞു കൊണ്ടേയിരുന്നു. ഉറക്കമില്ലാത്ത രാത്രികള്‍ പുതുമയല്ലാതായി. അപ്പോഴേയ്ക്കും അമ്മയുടെ വിസയുടെ കാലാവധിയും എന്റെ പ്രസവാവധിയും കഴിഞ്ഞിരുന്നു.
സഹായത്തിന് വന്ന ചേച്ചിയെ കുഞ്ഞിനെ ഏല്‍പ്പിച്ച് ഞാന്‍ ആദ്യമായി ജോലിക്ക് പോയ ദിവസം. ഓഫീസിലെത്തി അധികം വൈകും മുന്‍പേ ചേച്ചിയുടെ ഫോണ്‍ വന്നു. കുഞ്ഞ് നിര്‍ത്താതെ കരയുകയാണ്. ആരെങ്കിലും ഒന്ന് പെട്ടെന്ന് വരണം. ഞാന്‍ ഷോയ്ക്കു കയറാന്‍ സ്റ്റുഡിയോയുടെ മുന്നില്‍ നില്‍ക്കുകയാണ്. ഷോ ചെയ്യാതെ ഇറങ്ങിയാല്‍ പോലും വീട്ടിലെത്താന്‍ ഒരു മണിക്കൂറെടുക്കും. ഭര്‍ത്താവിനെ വിളിച്ച് ഉടനെ വീട്ടിലെത്താന്‍ പറഞ്ഞു. ശ്രീ വീട്ടിലെത്തുമ്പോള്‍ നിര്‍ത്താതെ കരയുന്ന കുഞ്ഞിന്റെ തലയ്ക്കല്‍ ബൈബിളും കൊന്തയും എടുത്ത് വച്ച് ചേച്ചി പേടിച്ച് വിറച്ചിരിക്കുകയാണ്. ഞാന്‍ പോയതില്‍ പിന്നെ കുഞ്ഞ് വാ പൂട്ടിയിട്ടില്ല. ഫ്രിഡ്ജില്‍ പിഴിഞ്ഞ് വച്ച് പോയ മുലപ്പാലോ കുപ്പിപ്പാലോ ഒരു തുള്ളി ഇറക്കിയിട്ടില്ല. കരഞ്ഞു തളര്‍ന്നിട്ടും ഉറങ്ങുന്നില്ല. ശ്രീ, കുഞ്ഞിനേയും ചേച്ചിയെയും കൂട്ടി ഒരു മണിക്കൂര്‍ ട്രാഫിക്കും കടന്ന് എന്റെ ഓഫീസിലെത്തി. വഴി തീരുവോളം കുഞ്ഞ് കരഞ്ഞു കൊണ്ടേയിരുന്നു. ഷോയുടെ ഇടയില്‍ നിന്ന് പാഞ്ഞിറഞ്ഞി താഴെ വന്ന് കുഞ്ഞിനെ ഞാന്‍ കൈയില്‍ വാങ്ങുമ്പോള്‍ അവള് കരഞ്ഞു തളര്‍ന്ന് അല്‍പ്പ പ്രാണനായിരുന്നു. അമ്മയതെവിടാരുന്നു എന്ന മട്ടില്‍ അവളെന്റെ മുഖത്തേയ്ക്ക് ദയനീയമായി നോക്കി, ഞാന്‍ തൊട്ട മാത്രയില്‍ കരച്ചില് നിര്‍ത്തി എന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു പാല് കുടിച്ചുറങ്ങി. രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇട്ടിട്ട് ജോലിക്ക് പോയതില്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പക്ഷേ ഒരു തരത്തിലും ജോലി ഉപേക്ഷിക്കാന്‍ പറ്റുന്ന സാഹചര്യത്തില്‍ ആയിരുന്നില്ല അന്ന് ഞങ്ങള്‍. ‘ഏതും പോരാത്തൊരു കൊച്ചെ’ന്ന് സര്‍ട്ടിഫിക്കറ്റ് തന്ന് കുഞ്ഞിന്റെ വാശിക്കരച്ചിലിനു മുന്നില്‍ അടിയറവു പറഞ്ഞ് ജോലിക്ക് വന്ന ചേച്ചി അഞ്ചു മാസം തികയും മുന്‍പേ തിരികെ പോയപ്പോഴാണ് കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞത്. എനിക്ക്ഒരു ലീവ് പോലും ബാക്കിയില്ല.
എന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ കുഞ്ഞിനെ കൂടി ഓഫീസില്‍ കൊണ്ട് ചെല്ലാന്‍ മാനേജ്മന്റ് അനുവാദം തന്നു. അങ്ങനെ അമ്മയും കുഞ്ഞും ഒരുമിച്ച് റേഡിയോ ജീവിതം തുടങ്ങി. കുഞ്ഞിനുള്ള കുറുക്ക് മുതല്‍ അരച്ച ചോറ് വരെ പല ഫ്ളാസ്ക്കുകളില്‍ ആക്കി, പാമ്പേഴ്സും ഫ്ളാനലുകളും വെറ്റ് വൈപ്സും വച്ച ബേബി ബാഗൊരുക്കി ഞങ്ങള്‍ എട്ടു മണിക്കൂര്‍ ഓഫീസ് ഡ്യൂട്ടിക്ക് പോയി. പത്മ ആരുമായും പെട്ടന്ന് ഇണങ്ങുന്ന കുട്ടി ആയിരുന്നില്ല. അതുകൊണ്ട് ഞാന്‍ ഓരോ തവണ സ്റ്റുഡിയോയില്‍ കയറുമ്പോഴും പുറത്തു സ്ട്രോളറില്‍ കിടന്ന് അവള് വാവിട്ട് നിലവിളിച്ചു. അടുത്ത പാട്ടിന്റെ ഇടവേളയില്‍ ഞാന്‍ തിരിച്ച് ഇറങ്ങും വരെ. ഞാന്‍ ഷോ ചെയ്യുമ്പോഴെല്ലാം അവളെ എടുത്ത് കൊണ്ട് നടന്നതും ഫുഡ് കൊടുത്തതും സാന്ത്വനിപ്പിച്ചതും എന്റെ നല്ലവരായ സഹപ്രവര്‍ത്തകരായിരുന്നു. എല്ലാം ദിവസവും കാണുമെങ്കിലും പത്മ അല്‍പ്പമെങ്കിലും ഇണങ്ങിയത് ചുരുക്കം ചിലരോടാണ്.
എല്ലാവരും സഹായിച്ചെങ്കിലും സ്റ്റുഡിയോയില്‍ നിരന്തരം കേള്‍ക്കുന്ന കുഞ്ഞി കരച്ചിലുകള്‍ ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. അവരെയും കുറ്റം പറയാനാവില്ല. ഇത്ര വാശിയ്ക്ക് മണിക്കൂറുകള്‍ നിര്‍ത്താതെ കരയുന്ന കുട്ടിയെ അവരാരും കണ്ടിരുന്നില്ല. ”ഇങ്ങനുണ്ടോ നശൂലം പിടിച്ച പിള്ളേര്…എന്തൊരു കരച്ചിലാത്” എന്ന് ഒരു സഹപ്രവര്ത്തകന് പറയുന്നത് അവിചാരിതമായി കേട്ടു കൊണ്ട് ഇറങ്ങി വന്ന ദിവസം രാത്രി മുഴുവന്‍ ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ച് വാവിട്ട് കരഞ്ഞു.’കുഞ്ഞിങ്ങനെ വഴക്കുണ്ടാക്കിയാല്‍ അമ്മ എന്തു ചെയ്യും’ ന്നു ദയനീയമായി ഞാന്‍ ചോദിക്കുമ്പോഴൊക്കെ അവള് എന്റെ മുഖത്തു നോക്കി മോണ കാട്ടി നിഷ്ക്കളങ്കമായി ചിരിച്ചു. ആ മുഖം കാണുമ്പോള്‍ മാത്രമാണ് ഞാന്‍ ജീവിക്കാന്‍ ആഗ്രഹിച്ചത്. വീട്ടു ജോലി, ഓഫീസ് ജോലി, കുഞ്ഞിന്റെ കാര്യങ്ങള്‍, ഭര്‍ത്താവിന്റെ തിരക്കുകള്‍, നിരന്തരമായ ഉറക്കമില്ലായ്മ ഒക്കെ കൂടി എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും താളം പോലും തെറ്റിച്ചു തുടങ്ങിയിരുന്നു. പുതിയൊരു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ ഓടി നടക്കുന്ന ഭര്‍ത്താവിന് സഹായിക്കാന്‍ പറ്റുന്നതിന് പരിധികളുണ്ടായിരുന്നു. കുഞ്ഞിനേയും കൊണ്ട് മൂന്ന് മാസത്തോളം ജോലിക്ക് പോയി. അപ്പോഴേയ്ക്കും ശ്രീയുടെ അച്ഛനും അമ്മയും ദുബായിലെത്തി. പകല്‍ പത്മ അവരോടൊപ്പം വീട്ടില്‍ മിടുക്കിയായിരുന്നു തുടങ്ങി. പക്ഷേ രാത്രി രണ്ടു മണി മുതല്‍ വെളുക്കുവോളം നീളുന്ന കരച്ചിലിന് ഒരു മാറ്റവുണ്ടായില്ല.
പത്മയ്ക് ഒന്നര വയസ്സായപ്പോഴാണ് ഫ്ളവേഴ്സ് ചാനലില്‍ നിന്ന് വിളി വരുന്നത്. മാസത്തില്‍ നാലു ദിവസത്തെ ഷൂട്ട് എന്ന വ്യവസ്ഥയില്‍. ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷന്റെ നിലനില്‍പ്പ് തന്നെ പ്രശ്നത്തിലായിരുന്നത് കൊണ്ടും അതെനിക്ക് ഉണ്ടാക്കുന്ന സ്ട്രെസ്സില്‍ നിന്ന് ഒരു മാറ്റം നന്നായിരിക്കും എന്ന് കരുതിയത് കൊണ്ടും അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. നാലു ദിവസത്തെ ഷൂട്ട് കഴിഞ്ഞാല്‍ ബാക്കി ദിവസങ്ങള്‍ കുഞ്ഞിന്റെ കൂടെ കിട്ടുമല്ലോ എന്ന പ്രതീക്ഷയും. മുലകുടി മാറിയിട്ടില്ലാത്തതു കൊണ്ട് കുഞ്ഞിനേയും കൊണ്ടാണ് ഞാന്‍ ഷൂട്ടിന് ഓരോ തവണയും നാട്ടില്‍ പോയിരുന്നത്. ഷോ ചുരുങ്ങിയ സമയത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഷൂട്ട് പക്ഷേ മാസത്തില്‍ ഒരു ഷെഡ്യൂള്‍ എന്നതില്‍ നിന്ന് മൂന്ന് വരെ നീണ്ടു. വാശിക്കാരി കുഞ്ഞി പെണ്ണിനേയും കൊണ്ടുള്ള വിമാന യാത്ര പതിവായപ്പോള്‍ അത് എന്റെയും അവളുടെയും ആരോഗ്യത്തെ ബാധിച്ചു തുടങ്ങി. ഹിറ്റായി കഴിഞ്ഞ ഷോ നിര്‍ത്താന്‍ നിര്‍വാഹമില്ല. പലവട്ടം എല്ലാം നിര്‍ത്തി കുഞ്ഞിനെ നോക്കി വീട്ടിലിരുന്നാലോ എന്ന് ആലോചിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭര്‍ത്താവും വീട്ടുകാരും സുഹൃത്തുക്കളും പറയും ‘കുഞ്ഞ് നാളെ വളര്‍ന്ന് അവളുടെ വഴിയ്ക്ക് പോകും, ഇന്ന് വേണ്ടെന്ന് വയ്ക്കുന്ന കരിയര്‍ അന്ന് നിനക്കു കിട്ടിയെന്നു വരില്ല’
നിരന്തരമുള്ള യാത്രകള്‍ കൊണ്ടും മണിക്കൂറുകള്‍ നീളുന്ന ഷൂട്ടിങ്ങിലെ നില്‍പ്പ് കൊണ്ടും എനിക്ക് നടുവേദന വന്നു തുടങ്ങിയിരുന്നു. കൂടെ കാല്‍സ്യം ഡെഫിഷെന്‍സിയും. പത്മയാണെങ്കില്‍ വളരും തോറും മുലപ്പാല്‍ അല്ലാതെ മറ്റൊന്നും വേണ്ട എന്ന് വാശി പിടിച്ചു തുടങ്ങി. മുലകുടി നിര്‍ത്തേണ്ടത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ഡോക്ടര്‍ തറപ്പിച്ചു പറഞ്ഞപ്പോഴാണ് മനസ്സില്ലാ മനസ്സോടെ ചെന്നി നായകത്തെ കൂട്ട് പിടിച്ചത്. മുലപ്പാലില്‍ ആദ്യമായി കയ്പ്പറിഞ്ഞ കുഞ്ഞ് വാവിട്ട് നില വിളിച്ചപ്പോള്‍ കടുത്ത കുറ്റബോധത്താല്‍ ഞാന്‍ കൂടെ കരഞ്ഞു. എന്നാല്‍ കരച്ചിലിനിടയിലും വലിച്ചെടുത്ത കയ്പ്പ് നീര് തുപ്പി കളഞ്ഞ് അവള് വീണ്ടും പാല് കുടിച്ചു…ചെന്നി നായകവും, പാവയ്ക്കാ നീരും പലപ്പോഴായി കുഞ്ഞിപ്പെണ്ണിന്റെ വാശിക്ക് മുന്നില്‍ തോറ്റു പോയി. ഒടുവില്‍ നാട്ടിലെത്തിയപ്പോള്‍ എന്റെ അമ്മ നിര്ബദ്ധപൂര്വം അവളെ എന്റെ അടുത്ത് നിന്ന് മാറ്റിക്കിടത്തി. രാത്രി മുഴുവന്‍ അവള് അമ്മയുടെ അടുത്ത് കിടന്ന് പാപ്പം പാപ്പം എന്ന് നിലവിളിച്ചത് കേട്ട് ഇപ്പുറത്തെ മുറിയില്‍ ഞാന്‍ കരഞ്ഞ് നേരം വെളുപ്പിച്ചു. അങ്ങനെ അവള് കാണാതെ നാലു ദിവസം ഒരേ വീട്ടില്‍ ഞങ്ങള്‍ ഒളിച്ചു കളിച്ചു. ഒടുവില്‍ പത്മ പാല് കുടിക്കാതെ ഉറങ്ങാന്‍ പഠിച്ചു. മുലകുടി മാറിയത് കൊണ്ട് ഇനിയൊന്നു മാറ്റി നിര്‍ത്തി നോക്കാമെന്നു കരുതി ഒരിക്കല്‍ പത്മയെ ശ്രീയെയും പേരെന്റസിനെയും ഏല്‍പ്പിച്ച് ഒന്ന് രണ്ടു ദിവസത്തേയ്ക്ക് ഞാന്‍ നാട്ടില്‍ വന്നു നോക്കി. ആ ദിവസങ്ങളില്‍ അടുത്ത ഫ്ലാറ്റുകളില്‍ ഉള്ളവരെ പോലും ഉറക്കാതെ അവള് നിലവിളിച്ചു. അമ്മയില്‍ കുറഞ്ഞ ഒന്നിലും അവള് കോംപ്രമൈസ് ചെയ്യാന്‍ തയ്യാറല്ലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഓരോ വട്ടം വീട്ടിലേയ്ക്ക് വിളിക്കുമ്പോഴും അവളുടെ കരച്ചിലുകള്‍ എന്റെ നെഞ്ചു മുറിച്ചു. മേക്ക് അപ്പ് റൂമിലിരുന്ന് കരയുന്ന ഞാന്‍ അവിടെയുള്ളവര്‍ക്ക് പതിവ് കാഴ്ചയായി. ഓരോ തവണ അടുത്ത ഷൂട്ടിന്റെ തീയതി അറിയുമ്പോഴും ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. ഷോ നിര്‍ത്തി. എല്ലാം നിര്‍ത്തി. ഒരു വര്‍ഷത്തോളം നീണ്ട ഇടവേള. പലയിടത്തു നിന്നും സിനിമ ഉള്‍പ്പെടെ പല ഓഫറുകളും വന്നു പോയി. കുഞ്ഞിനെ മാറി നില്ക്കാന് വയ്യ എന്ന കാരണം പറഞ്ഞ് ഒക്കെയും മടക്കി. സ്വന്തം അച്ഛനോട് പോലും അധികം കൂട്ട് കൂടാതെ പത്മ എന്നോട് ഒട്ടി ഒട്ടി ഒരമ്മക്കുട്ടി മാത്രമായി. പ്ലേ സ്കൂളില്‍ വിട്ടാല്‍ ഈ അമ്മയൊട്ടല്‍ കുറയുമെന്ന് കരുതിയപ്പോള്‍ അവിടെയും അവള് എന്നെ കരഞ്ഞു തോല്‍പ്പിച്ചു. വെറുതെ വീട്ടിലിരുന്നാല്‍ എന്റെ കരിയറിലെ നല്ല സമയം മുഴുവന്‍ പോകുമെന്നും ചുമ്മാ ഇരുന്നാല്‍ കവിതയെഴുതി ഡിപ്രെഷന് അടിക്കുമെന്നും അറിയാവുന്ന ഭര്‍ത്താവാണ് നാട്ടിലേയ്ക്ക് പോകുന്നോ എന്ന് ചോദിച്ചത്. അങ്ങനെ പത്ത് വര്‍ഷം പ്രണയിച്ചു വിവാഹം കഴിച്ചപ്പോള്‍ ഒരിക്കലും പിരിഞ്ഞ് നില്‍ക്കില്ലെന്ന് ശപഥം ചെയ്തിരുന്ന ഞങ്ങള്‍ രണ്ടിടത്തായി.
പുറത്ത് നിന്ന് കാണുന്നവര്‍ ‘എങ്ങനെ ഇത്ര കൗണ്ടര്‍ അടിക്കുന്നു, എങ്ങനെ എപ്പോഴും ഇങ്ങനെ ചിരിക്കാന്‍ പറ്റുന്നു, നിങ്ങള്‍ക്കൊക്കെ എന്ത് സന്തോഷാല്ലേ’ എന്നൊക്കെ ചോദിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ ചിരിക്കും. ഷൂട്ട് കഴിഞ്ഞ് രാത്രി ഒരു മണിക്ക് കടുത്ത തല വേദനയുമായി വീട്ടിലെത്തി നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ തോളിലിട്ട് വെളുക്കുവോളം ഇരുട്ടില്‍ നടക്കുന്ന എന്നെ ഓര്‍ക്കും. ഉറക്കവും ക്ഷീണവും സങ്കടവും സഹിക്ക വയ്യാതെ കുളിമുറിയില്‍ പാതിരാത്രി കുഴഞ്ഞ വീണ എന്നെ ഓര്‍ക്കും. ‘അമ്മ പോണ്ടാ…’ന്ന പത്മയുടെ നിര്‍ത്താത്ത കരച്ചിലോര്‍ക്കും. ‘കൊച്ചു കഴിഞ്ഞുള്ള ജോലിയൊക്കെ മതിന്നു വയ്ക്കും സ്നേഹൊള്ള അമ്മമാര്‍’ എന്ന പരോക്ഷമായ ചില കുത്തുവാക്കുകളോര്‍ക്കും. പത്മയ്ക്കിപ്പോള്‍ അഞ്ചര വയസ്സായി. ഞാന്‍ മാസത്തില്‍ നാലോ അഞ്ചോ ദിവസം മാത്രമാണ് ഷൂട്ടിന് പോകാറ്. കൊച്ചിയില്‍ നടക്കുന്ന ചാനല്‍ ഷൂട്ടുകള്‍ രാത്രി പന്ത്രണ്ടു മണിയ്ക്ക് തീര്‍ന്നാലും തിരികെ തൊടുപുഴയിലെ വീട്ടിലെത്തി അവളോടൊപ്പമാണ് ഉറങ്ങാറ്. രാത്രി ഉറക്കത്തില്‍ കരയുന്ന ശീലം അവള്‍ക്കിപ്പോഴുമുണ്ട്. പണ്ടത് കാരണമറിയാത്ത കരച്ചിലായിരുന്നെങ്കില്‍ ഇപ്പോഴത് കാലു വേദനയാണ്. ഒന്നിട വിട്ട ദിവസങ്ങളില്‍ അത് ഞങ്ങളുടെ ഉറക്കം കളയും. ഞാന്‍ ഉറങ്ങാതെ അവളുടെ കാലില്‍ മെല്ലെ അമര്‍ത്തിയാല്‍ അവള് ഉറങ്ങും. എന്റെ കൈ അയഞ്ഞാല്‍ അവള് ഉണരും. എന്നോട് സഹതാപം തോന്നി എത്രയോ വട്ടം അവളുടെ അച്ഛന് എനിക്ക് പകരം അവളുടെ കാലില്‍ പിടിച്ചിരിക്കുന്നു. ഏതുറക്കത്തിലും അവളത് തിരിച്ചറിയും. അമ്മ മതി ന്ന് വാശി പിടിച്ച് കരയും. ‘അച്ഛന് എടുത്തോണ്ട് നടക്കാം, അമ്മയൊന്നു ഉറങ്ങിക്കോട്ടെ’ന്നു എത്ര വട്ടം അച്ഛന് മകളോട് കെഞ്ചിയിരിക്കുന്നു. അപരിചിതരുടെ കൈയില്‍ നിന്നെന്ന വണ്ണം അവള് അച്ഛനെ തള്ളി മാറ്റി എന്റെ നേരെ കുതിച്ച് ചാടും. ‘മ്മ മതീന്ന്’ അലറി കരയും. ന്റെ പാവം അമ്മപ്രാന്തി ! എന്റെ അമ്മ പരിചയക്കാരോട് പറയാറുണ്ട് പത്തു പിള്ളേരെ വളര്‍ത്തണ സ്ട്രെയിന്‍ എടുത്തിട്ടുണ്ട് അവള് ഒരെണ്ണത്തിനെ വളര്‍ത്താന്‍ എന്ന്. ഞാനീ അഞ്ചര വര്‍ഷത്തില്‍ ഏറ്റവും ആഗ്രഹിച്ചിട്ടുള്ളത് ആരുമില്ലാത്ത എവിടെയെങ്കിലും പോയി ഒരു രണ്ടു മൂന്നു ദിവസം മുഴുവന്‍ കിടന്നുറങ്ങണം എന്നാവും. അവളടുത്തില്ലാതെ ഉറങ്ങാന്‍ പറ്റില്ലെങ്കിലും… കരിയറും കുടുംബവും എങ്ങനെ ഈസി ആയി മാനേജ് ചെയുന്നു എന്ന് പലരും ചോദിക്കാറുണ്ട്…ഒട്ടും ഈസിയായിരുന്നില്ല എന്നാണ് ഉത്തരം. ഭര്‍ത്താവും വീട്ടുകാരും സുഹൃത്തുക്കളും കൂടെ നിന്നത് കൊണ്ട് മാത്രം സാധിച്ചതാവാം. അല്ലെങ്കില്‍ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച് ഡിപ്രെഷന്റെ പടുകുഴിയില്‍ വീണ്, പിന്നൊരു കാലത്ത് മക്കള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചെന്ന കഥ നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞ് പിള്ളേരെ കൂടി വെറുപ്പിച്ചേനെ. പത്മ : അമ്മ ജോലിക്ക് പോകുമ്പോ ഞാന്‍ എന്തിനാ കരയുന്നെ എന്നറിയാവോ ??ഞാന്‍ : ഇല്ലല്ലോ
പത്മ : എല്ലാ പിള്ളേര്‍ക്കും അമ്മമാരെ ഇഷ്ടവല്ലേ…അതിനേക്കാളും കൊറേ കൊറേ കൂടുതല്‍ ഇഷ്ടമുണ്ട് എനിക്ക് അമ്മയോട്…ഈ ലോകത്ത് വച്ച് ഏറ്റോം ഇഷ്ടം ??
Discussion about this post