സ്വകാര്യ ബസുകളില്‍ പെണ്‍സീറ്റ് കൈയ്യേറുന്നവരെ പൊക്കാന്‍ ഇനി പ്രത്യേകസംഘം ഉണ്ടാവും. മോട്ടോര്‍വാഹന വകുപ്പാണ് പദ്ധതി മുന്നോട്ട് വെച്ചത്. ഷാഡോ പട്രോളിങ് സംഘത്തെ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കാത്തവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
പരിശോധന നടത്തി കണ്ടെത്തുന്ന നിയമം ലംഘകവരെ ബോധവല്‍കരണ ക്ലാസില്‍ പങ്കെടുപ്പിക്കുന്നതും പദ്ധതിയയുടെ ഭാഗമാണ്. ഇതിനായി പ്രത്യേക പരിശോധന ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംവരണ സീറ്റ് കൈവശപ്പെടുത്തുന്നവരെ അവിടെ നിന്നും മാറ്റാന്‍ നടപടിയെടുക്കാത്ത ബസ് ജീവനക്കാര്‍ക്കെതിരേയും കര്‍ശനമായ നടപടി എടുക്കും.
സ്ത്രീകള്‍, മുതിര്‍ന്നവര്‍, വികലാംഗര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായി നിശ്ചിത എണ്ണം സീറ്റുകള്‍ ബസില്‍ ഒഴിച്ചിടണമെന്നാണ് നിയമം. സ്ത്രീകള്‍ക്കായി 25 ശതമാനം സീറ്റുകളാണ് നീക്കി വച്ചിരിക്കുന്നത്. ഗര്‍ഭിണിക്ക് ഒരു സീറ്റും കുഞ്ഞുമായി യാത്രചെയ്യുന്ന അമ്മമാര്‍ക്ക് അഞ്ച് ശതമാനം സംവരണവുമുണ്ട്. ഭിന്നശേഷിക്കാര്‍ക്കും അന്ധര്‍ക്കുമായി അഞ്ച് ശതമാനം സീറ്റു വീതവും നീക്കി വച്ചിട്ടുണ്ട്. ശേഷിക്കുന്ന 44 ശതമാനമാണ് ജനറല്‍ സീറ്റ്.
ഷാഡോ പൊലീസിന്റെ കൂടെ സഹായത്തോടെ കോട്ടയത്ത് നിയമലംഘകരായ സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് അടുത്തിടെ നടപടികള്‍ സ്വീകരിച്ചിരുന്നു.
Discussion about this post