തൃശ്ശൂര്‍: പൂരത്തിന്റെ ലഹരിയിലാണ് ഇന്ന് തൃശ്ശൂര്‍ നഗരം. ഇരട്ടി ആവേശം പകര്‍ന്ന് ഇലഞ്ഞിത്തറ മേളവുമുണ്ട്. ഇതില്‍ തിളങ്ങുന്നത് മറ്റാരുമല്ല, പെരുവനം കുട്ടന് മാരാര്‍ തന്നെയാണ്. കടുത്ത പനിയായിരുന്നു അദ്ദേഹത്തിന്. എന്നാല്‍ ശാരീരികാസ്വസ്ഥതകള്‍ എല്ലാം നിഷ്കരുണം തള്ളിയാണ് മേളത്തിന് മാരാര്‍ എത്തിയത്. പക്ഷേ ഇതിനിടയില്‍ അദ്ദേഹം തലകറങ്ങി വീണിരുന്നു.
ചെമ്പട താളത്തിനിടെയാണ് കുട്ടന് മാരാര്‍ തലകറങ്ങി വീണത്. ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കടുത്ത ചൂടിനെ തുടര്‍ന്നുണ്ടായ അസ്വാസ്ഥ്യമാണ് പെരുവനം കുട്ടന്മാരാരെ ബാധിച്ചത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു തന്നെയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അദ്ദേഹം മേളം കൊഴുപ്പിക്കാന്‍ വീണ്ടുമെത്തി. ഇലഞ്ഞിത്തറയില്‍ മേളം ആരംഭിച്ചതോടെ പൂരത്തിന്റെ ലഹരി നഗരം മുഴുവന്‍ പടര്‍ന്നു പിടിച്ചു. ഇപ്പോഴും ആവേശം ചോരാതെ ചെണ്ടയില്‍ മാരാരുടെ മേളം മുഴങ്ങുകയാണ്.
ആചാരമനുസരിച്ച് 8 ഘടകകക്ഷേത്രങ്ങളിലെയും പൂരങ്ങള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് ചടങ്ങിന്റെ ഭാഗമായുള്ള പഞ്ചവാദ്യവും പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചെമ്പടമേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
Discussion about this post