തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരിക എന്നത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി അക്കാര്യം നടത്താന്‍ സര്‍ക്കാരിന് സാധിച്ചു; വിഎസ് സുനില്‍ കുമാര്‍

അപകടം നടന്നിട്ട് പഴികേള്‍ക്കുന്നതിലും നല്ലത് അപകടം സംഭവിക്കാതെ നോക്കി പഴികേള്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി

തൃശ്ശൂര്‍: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊണ്ടു വരണമെന്നുള്ളത് ജനങ്ങളുടെ അഭിലാഷമായിരുന്നു, നിയമ പരിരക്ഷ ഉറപ്പാക്കി നിയമലംഘനം നടത്താതെ തന്നെ സര്‍ക്കാരിന് അത് നടത്താന്‍ സാധിച്ചുവെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ജനങ്ങളുടെ സുരക്ഷ മാത്രമേ സര്‍ക്കാര്‍ പരിഗണിച്ചുള്ളൂവെന്ന് മന്ത്രി ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.

ഇക്കാര്യത്തില്‍ പഴികേള്‍ക്കേണ്ടി വന്നാലും കുഴപ്പമില്ല. അപകടം നടന്നിട്ട് പഴികേള്‍ക്കുന്നതിലും നല്ലത് അപകടം സംഭവിക്കാതെ നോക്കി പഴികേള്‍ക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആനയല്ല നെയ്തിലക്കാവ് ഭഗവതിയാണ് നട തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഭഗവതിക്ക് യാതൊരു തടസവും ഉണ്ടായിട്ടില്ല. ഭഗവതി സഞ്ചരിച്ച ആന മാറിയെന്നേയുള്ളുവെന്നും ഇതില്‍ ദൈവകോപം ഉണ്ടാകുമെന്ന് കരുതുന്നില്ലയെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയാണ് ദേവനും ദേവിക്കുമൊക്കെ പ്രധാനം അത് സര്‍ക്കാര്‍ നടപ്പാക്കിയെന്നും ചടങ്ങ് ഗംഭീരമായി തന്നെ നടന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Exit mobile version