തൃശ്ശൂര്‍: പൂരത്തിന്റെ ലഹരിയിലാണ് ഇന്ന് തൃശ്ശൂര്‍ നഗരി. വിദേശികള്‍ ഉള്‍പ്പടെയുള്ള ജനങ്ങളാണ് പൂരം കാണാന്‍ എത്തുന്നത്. തിക്കിലും തിരക്കിലും പെട്ടാലും പൂരം കാണാന്‍ പതിനായിരക്കണക്കിന് ആളുകള്‍ ആണ് എത്തുന്നത്. എന്നാല്‍ പഴമകള്‍ നിര്‍ത്തി കൊണ്ട് ഒരു തറവാട് ഉണ്ട് സ്വരാജ് റൗണ്ടില്‍. ഈ തറവാടിന്റെ പൂമുഖത്ത് ഇരുന്ന് കാണാം തൃശ്ശൂര്‍ പൂരം. ഒന്നര നൂറ്റാണ്ടായി നായ്ക്കനാലില്‍ ഗീത മെഡിക്കല്‍സിനോടു ചേര്‍ന്നുള്ള തെക്കേ മണ്ണത്തു തറവാട്ടുകാര്‍ പൂരം കാണുന്നത് പൂമുഖത്ത് ഇരുന്ന് തന്നെയാണ്. പഴമകള്‍ നിറയുന്നതാണ് ഈ വീട്.
കഴിഞ്ഞ അഞ്ച് തലമുറകളും ഇവിടെയിരുന്നാണ് പൂരം കണ്ടത്. ശക്തന്‍ തമ്പുരാന്റെ കാലത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലേക്ക് വാതില്‍ തുറക്കുന്ന ധാരാളം വീടുകള്‍ നിലനിന്നിരുന്നു. എന്നാല്‍ കാലക്രമേണ നഗരം വളര്‍ന്നപ്പോള്‍ പതിയെ വീടുകള്‍ ഓരോന്നായി അപ്രത്യക്ഷപ്പെടാനും തുടങ്ങി. അവയില്‍ അവശേഷിച്ച ഒന്ന് ഈ വീട് മാത്രമാണ്. പഴമയോടും പാരമ്പര്യത്തോടുമുള്ള താല്‍പര്യവും ഓര്‍മ്മകള്‍ നഷ്ടമാവാതിരിക്കാനുള്ള പരിശ്രമവും കാരണമാണ് ഇവ ഇന്നും ഇങ്ങനെ നിലനിര്‍ത്തുന്നതെന്നും തെക്കേ മണ്ണത്തു വീട്ടുകാര്‍ പറയുന്നു.
പൂരം കൊടിയേറിയാല്‍ വീട്ടില്‍ പിന്നെ ആണ്‍തരികള്‍ ഉണ്ടാകില്ല. പൂരത്തിനായുള്ള ഒരുക്കങ്ങളില്‍ ആയിരിക്കും. വെടിക്കെട്ട് സമയത്തും ആരും ഉണ്ടാകില്ല. വീട്ടില്‍ സ്ത്രീജനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാവുക. തിരുവമ്പാടിയുടെ പൂരം പുറപ്പാടും മഠത്തില്‍ വരവും പഞ്ചവാദ്യത്തിന്റെ കൊട്ടിക്കലാശവും വെടിക്കെട്ടുമെല്ലാം ഈ ഉമ്മറത്തിരുന്ന് ആസ്വദിക്കാമെന്ന് വീട്ടുകാര്‍ പറയുന്നു. ഓരോ പൂരത്തിന്റെ വെടിക്കെട്ടുകളും ഈ തറവാടിന്റെ മേല്‍ക്കൂരയില്‍ പ്രകമ്പനംകൊള്ളിക്കാറുണ്ട്. ഓടിന്റെ കഷണങ്ങളും പൊടിപടലങ്ങളും തെറിച്ച് വീണ് അലങ്കോലമാവും.
രണ്ട് ദിവസത്തെ പണിയാണ് വൃത്തിയെടുക്കാനെന്ന് കുടുംബം പറയുന്നു. ഗര്‍ഭിണികളും രോഗികളുമൊക്കെ വെടിക്കെട്ട് നാളില്‍ എങ്ങനെ ഈ വീട്ടില്‍ കഴിയും എന്ന ആശങ്കയ്ക്കും പണ്ട് ഈ വീട് നിര്‍മ്മിക്കുമ്പോള്‍ തന്നെ പരിഹാരം കണ്ടിരുന്നു. പ്രത്യേകം മരവും മറ്റും ഉപയോഗിച്ചാണ് തെക്കെ അകം ഇതിനായി ഒരുക്കിയിട്ടുള്ളത്. ശക്തിയായി കതിന പൊട്ടുന്ന ശബ്ദംപോലും ഈ മുറിക്കകത്ത് പൊട്ടാസിന്റെ ശബ്ദം പോലെയേ കേള്‍ക്കൂവെന്ന് വീട്ടുകാര്‍ പറയുന്നു. പൂരം വെടിക്കെട്ട് സമയത്ത് വീട്ടിലെ ഗര്‍ഭിണികളും രോഗികളും ഈ മുറിയിലേക്ക് മാറുകയാണ് പതിവ്.