ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തന രംഗത്തെ മികവിനുള്ള ‘പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ’യുടെ ദേശീയ അവാര്‍ഡിന് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ വി എസ് രാജേഷ് അര്‍ഹനായി. കേരള കൗമുദിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 23 മുതല്‍ 29 വരെ പ്രസിദ്ധീകരിച്ച ജീവന് രക്ഷയിലും കച്ചവടം എന്ന പരമ്പരയാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
അതോടൊപ്പം ഹിന്ദു ദിനപത്രത്തിന്റെ ചെയര്മാന് എന്‍ റാമിന് സമഗ്ര സംഭാവനയ്ക്കുള്ള രാജാറാം മോഹന്‍ റോയ് അവാര്‍ഡും ലഭിക്കും. അമര്ദേവുലപ്പള്ളി കണ്‍വീനര്‍ ആയിട്ടുളള ജൂറിയാണ് തെരഞ്ഞടുത്തത്. ഇന്ത്യയിലെ പ്രമുഖ പത്രാധിപന്മാരും ജേര്‍ണലിസം അദ്ധ്യാപകരും അടങ്ങുന്നതാണ് ജൂറി.
അരലക്ഷം രൂപയും ശില്പവും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ് നവംബര്‍ 16ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് പ്രസ് കൗണ്‍സില്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്ത് കൊണ്ടുവന്നതിന് രാജേഷിന് രാഷ്ട്രപതിയില്‍ നിന്നടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളനാട് ഗവണ്മെന്റ് സ്കൂള്‍ അദ്ധ്യാപിക എസ്എസ് ദീപയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി രാജ് ദീപ് ശ്രീധര്‍ മകനാണ്.
Discussion about this post