പീരുമേട്: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴുവയസുകാരന് കൊല്ലപ്പെട്ടത് കേരളക്കരയുടെ നെഞ്ചകം തകര്‍ത്ത ഒന്നാണ്. കുട്ടികളോടുള്ള ക്രൂരത പിന്നെയും സംസ്ഥാനത്ത് അരങ്ങേറി. ഇപ്പോള്‍ വീണ്ടും കുട്ടിയോടുള്ള ക്രൂരതയാണ് പുറത്ത് വരുന്നത്. ഇതുവരെയും കുഞ്ഞുങ്ങളോടുള്ള ക്രൂരതകള്‍ അവസാനിക്കുന്നില്ല. വീണ്ടും അമ്മയുടെ സുഹൃത്ത് കുഞ്ഞിനെ മര്‍ദ്ദിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ തല്ലിചതയ്ക്കുകയാണ് അമ്മയുടെ സുഹൃത്ത് ചെയ്തത്. സംഭവത്തില്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ 3 പെണ്മക്കളില് മൂത്ത കുട്ടിയെ തല്ലി ചതച്ചുവെന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരിയാണ് പരാതി നല്‍കിയത്.
14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതി ഇപ്പോള്‍ പീരുമേട് സബ് ജയിലിലാണ്. എന്നാല്‍ തൊടുപുഴ കേസിലെ ആവര്‍ത്തനം തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കുട്ടിയെ മര്‍ദ്ദിക്കുന്നത് കണ്ട് അമ്മ യാതൊന്നും പ്രതികരിച്ചില്ല. തടയാന്‍ പോലും ശ്രമിച്ചില്ല. അധികൃതരെ അറിയിക്കാനും ശ്രമിക്കാതിരുന്നതിനാല്‍ അമ്മയ്ക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഭര്‍ത്താവിനു തളര്‍വാതം വന്നു കിടപ്പിലായ ശേഷം മക്കളോടൊപ്പം യുവതി മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന അനീഷാണ് ഒരു വര്‍ഷമായി ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത്. ഇയാള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഭര്‍തൃ വീട്ടുകാര്‍ യുവതിയുമായി വഴക്കിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. അനീഷ് വരുന്നത് ഇഷ്ടപ്പെടാത്ത മൂത്ത മകള്‍ ഇക്കാര്യം അച്ഛനെ അറിയിക്കുമെന്നു പറയുകയും ഇതില്‍ പ്രകോപിതനായി ചൂരല്‍ വടി കൊണ്ട് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. മുന്‍പും കുട്ടിയെ മര്ദ്ദിച്ചിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരിമാര്‍ക്ക് അഞ്ചും രണ്ടും വയസ്സാണു പ്രായം. ഈ കുട്ടികള്‍ അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്.
Discussion about this post