കണ്ണൂര്‍: നഴ്‌സസ് ദിനത്തില്‍ ലിനിയെ ആദരിച്ച് സര്‍ക്കാര്‍. നിപ്പാ ബാധിച്ച രോഗിയെ ശുശ്രൂശിക്കുന്നതിനിടെ രോഗം പകര്‍ന്ന് മരിച്ച ലിനിയുടെ ഓര്‍മ്മയിലാണ് സംസ്ഥാനത്തെ നഴ്‌സ് സമൂഹം നഴ്‌സസ് ദിനാചരണം നടത്തിയത്.
കണ്ണൂരില്‍ നടന്ന നഴ്സസ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ചെമ്പനോടയില്‍ നിന്ന് ലിനിയുടെ ഭര്‍ത്താവ് പി സജീഷും മക്കളായ സിദ്ധാര്‍ഥും ജ്യേഷ്ഠന്‍ ഋതുലും എത്തിയിരുന്നു.
എപ്പോഴും ഫോണില്‍ വിളിക്കുന്ന മന്ത്രി കെകെശൈലജയെ കണ്ടപ്പോള്‍ ലിനിയുടെ മുന്നുവയസ്സുകാരനായ മകന്‍ സിദ്ധാര്‍ഥ് മന്ത്രിക്ക് മുത്തം നല്‍കി. മുന്നില്‍ നിറഞ്ഞു നില്‍ക്കുന്ന നഴ്സമ്മമാരിലേക്കായിരുന്നു ആറുവയസ്സുകാരന്‍ ഋതുലിന്റെ നോട്ടം. ദിനാഘോഷ ഉദ്ഘാടനത്തിന്റെ വിളക്കുതെളിക്കാന്‍ മന്ത്രി ഇവരെ കൈപിടിച്ച് ഒപ്പം കൂട്ടി.
അതേസമയം, മികച്ച സേനവത്തിനുള്ള ലിനി പുരസ്‌കാരം ആരോഗ്യമന്ത്രി വിതരണം ചെയ്തു. കോട്ടയം കടന്നാടെ സിഎച്ച്‌സിയിലെ സ്റ്റാഫ് നഴ്‌സ് ദിനു എംജോയ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹെഡ്‌നേഴ്‌സ് ഗീത പി, പാണ്ടനാട് സിഎച്ച് സിയിലെ നഴ്‌സിംഗ് സൂപ്രവൈസര്‍ വത്സല കുമാരി എന്നിവരാണ് പുരസ്‌കാരം നേടിയത്. സംസ്ഥാന സര്‍ക്കാര്‍ മികച്ച നഴ്‌സിനു നല്‍കുന്ന പുരസ്‌കാരം ലിനിയോടുള്ള ആദരസൂചകമായി സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ് എന്നാക്കിയിരുന്നു.
കൂടാതെ, കഴിഞ്ഞ മാസം വിനോദയാത്രയ്ക്കിടെ കോവളത്തു നിന്നും ശ്രവണസഹായി നഷ്ടപ്പെട്ട യാദവ് കൃഷ്ണയ്ക്ക് ആറ്‌ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണം സര്‍ക്കാര്‍ നല്‍കി. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ലിനിയുടെ കുടുംബവും എത്തി.
Discussion about this post