തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇനി പരമമായ ആനന്ദത്തിന്റെ മണിക്കൂറുകളിലേയ്ക്ക്. ഇടതടവില്ലാത്ത ആരവങ്ങളും ആഘോഷങ്ങളുമാണ് തൃശ്ശൂര്‍ പൂരം കാത്തുവെച്ചിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി തൃശ്ശൂര്‍ തയ്യാറെടുത്തുകഴിഞ്ഞു. പൂരവിളംബരം നടത്തിതെക്കേഗോപുര വാതില്‍ തുറന്ന് കരിവീരന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എഴുന്നള്ളിയതോടെ ഇന്നലെ ആര്‍പ്പുവിളികളോടെ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് ആദ്യം വിലക്കിയ സംഭവത്തെ തുടര്‍ന്ന് വലിയ ഒച്ചപ്പാടും സോഷ്യല്‍മീഡിയ ക്യാംപെയിനും ഒക്കെയായി ബഹളമായതിനെ തുടര്‍ന്ന് തെക്കേഗോപുരവാതില്‍ തുറക്കുന്ന ചടങ്ങിന് പതിവിനു വിപരീതമായി പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നു കളക്ടര്‍ ടിവി അനുപമയാണ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയത്. നെയ്തലക്കാവ് അമ്പലത്തില്‍ നിന്നു വടക്കുന്നാഥന്റെ പടിഞ്ഞാറേനട വരെ തിടമ്പേറ്റിയതു തെച്ചിക്കോട്ടുകാവ് ദേവീദാസനാണ്. ഇവിടെനിന്നു തിടമ്പ് രാമചന്ദ്രന് ഏറ്റെടുത്ത് അമ്പലത്തിനുള്ളില്‍ പ്രവേശിച്ച് 10.40നു തെക്കേഗോപുരനട തട്ടിത്തുറക്കുകയായിരുന്നു.
ഇന്നു രാവിലെ എട്ടുമണിയോടെ കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങളെത്തിത്തുടങ്ങി. 11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യമാണ് പൂരത്തിന്റെ അടുത്ത ആകര്‍ഷണം. മേളത്തിനു കോങ്ങാട് മധു പ്രമാണിയാകും. 2.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങും ഒപ്പം അകമ്പടിയായി പെരുവനം കുട്ടന് മാരാരുടെ ചെമ്പടമേളവും തകര്‍ത്ത് കൊട്ടും. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിലാണ് പൂരപ്രേമികളുടെ ഹൃദയം കവരുന്ന കേളികേട്ട ഇലഞ്ഞിത്തറമേളം.
2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളവും അരങ്ങേറും. പിന്നീട് കണ്ണിനു കുളിര്‍മ്മ നല്കുന്ന മത്സര കുടമാറ്റത്തിനു വൈകിട്ട് 5.30നു തെക്കേഗോപുരനടയില്‍ തുടക്കമാകും. രാത്രി 11നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന് മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്. നാളെ രാവിലെ 9നു ശ്രീമൂല സ്ഥാനത്ത് പൂരം വിടച്ചൊല്ലിപ്പിരിയലും പകല്‍പ്പൂരവും അരങ്ങേറുന്നതോടെ മനസ് നിറച്ച് തൃശ്ശൂര്‍ പൂരത്തിനു സമാപനമാവും.
ഫോട്ടോ ക്രെഡിറ്റ് : രവി ജോസ് താണിക്കൽ
Discussion about this post