ശശികലയെയും പികെ കൃഷ്ണദാസിനെയും പോലീസ് തടഞ്ഞു; പമ്പയിലേക്ക് വാഹനം കടത്തിവിടണമെന്ന് നേതാക്കള്‍; കെഎസ്ആര്‍ടിസി ഉണ്ടെന്ന് പോലീസ്; സംഘര്‍ഷം

സന്നിധാനം: ശബരിമല സന്നിധാനത്തേക്ക് എത്തിയ ബിജെപി നേതാക്കളെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കലില്‍ വാക്കു തര്‍ക്കവും സംഘര്‍ഷവും. പികെ കൃഷ്ണദാസ്, എഎന്‍. രാധാകൃഷ്ണന്‍, പികെ ശശികല എന്നിവരെയാണ് പോലീസ് നിലയ്ക്കലില്‍ തടഞ്ഞത്. ബിജെപി നേതാക്കള്‍ എത്തിയ സ്വകാര്യ വാഹനം പമ്പയിലേയ്ക്കു കടത്തിവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. പോലീസ് ഇതു സമ്മതിക്കാതിരുന്നതോടെ നേതാക്കള്‍ തര്‍ക്കിക്കുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്കു പോകാമെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ബസ്സില്‍ പമ്പയിലേക്കു പോയി. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി ഇന്ന് രാവിലെ അഞ്ചിനാണ് ശബരിമല നട തുറന്നത്. വന്‍ ഭക്തജനത്തിരക്കാണ് രാവിലെ സന്നിധാനത്ത് അനുഭവപ്പെട്ടത്. അതിനിടെ ശബരിമലയില്‍ യുവതി എത്തിയെന്ന സംശയത്തെ തുടര്‍ന്നു ഭക്തര്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു.

കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും ഉഷപൂജയും നടന്നു. കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും.

Exit mobile version