തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഗജവീരന്‍മാര്‍ അണിയേണ്ട അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കുടകളുമായി തിരുമ്പാടിയുടെ ചമയപ്രദര്‍ശനമൊരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറ സൗന്ദര്യമായി. നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോള്‍ പതിനായിരങ്ങളുടെ ഹൃദയം നിറഞ്ഞു.
പരമ്പരാഗത നിറങ്ങള്‍ക്കൊപ്പം ആധുനിക ചായക്കൂട്ടുകളും കുടകളില്‍ പറ്റിച്ചേര്‍ന്നു. സിയോണ്‍, ലൈക്ര, ബനാറസ്, ഉള്‍ട്ട പുള്‍ട്ട, പടയണി, സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളാണ് പാറമേക്കാവ് ഉപയോഗിക്കുന്നത്. ഫെര്‍ തുണികളും ആകര്‍ഷകമായി ഒരുക്കിയിട്ടുണ്ട്. കുടകളിലെ സിംഹമുഖം, ഭഗവതിമുഖം, ഗോള്‍ഡന്‍ അലുക്കുകളും സുവര്‍ണ ചന്ദ്രക്കലകളും അടക്കം വര്‍ണരാജിയാണ് ഇതള്‍വിരിഞ്ഞത്.
തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയില്‍ മയില്‍പീലിയഴകു വിടര്‍ത്തിനില്‍ക്കുന്ന കുടകളും ആകാശനീലിമയില്‍ മേഘക്കൂട്ടുപോലെ വെള്ളനിറം പൂശിയ കുടയുടെ മധ്യത്തില്‍ സൂര്യകാന്തിപൂവ് ആലേഖനം ചെയ്ത കുടകളും ശ്രദ്ധേയം. 52 സെറ്റ് കുടകളുള്ളതില്‍ അഞ്ചുസെറ്റ് സ്‌പെഷല്‍ കുടകളാണ്.
പാറമേക്കാവ് അഗ്രശാലയില്‍ ചമയപ്രദര്‍ശനം മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍, കലാമണ്ഡലം ഗോപിയാശാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കെ സതീഷ്‌മേനോന്‍, ജിരാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post