കൊച്ചി: മാതൃദിനത്തില്‍ ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത് അമ്മമാര്‍ക്കൊപ്പമുള്ള സെല്‍ഫികളും സ്‌നേഹം തുളുമ്പുന്ന വാക്കുകളുമാണ്. പക്ഷേ മറന്നു പോകുന്ന ഒന്നുണ്ട്, വൃദ്ധസദനങ്ങള്‍. ഇവിടെ നിന്ന് അറിയണം നമ്മുടെ സമൂഹത്തിലെ മക്കള്‍ക്ക് അമ്മമാരോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന്. അവരില്‍ ചിലരുടെ നോവാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേരളക്കരയുടെ ഉള്ളുപ്പൊള്ളിക്കുന്ന വാക്കുകളാണ് ഇവിടുത്ത അമ്മമാരുടെ വാക്കുകള്‍.
‘മക്കള്‍ക്ക് വേണ്ട’ എല്ലാ അമ്മമാര്‍ക്കും പറയാന്‍ ഈ ഒരു സങ്കടം മാത്രം ഒരുപോലെയാണ്. ‘അവന്‍ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല’ ഫാത്തിമ ബീവി എന്ന ഉമ്മ പറയുന്നു. ‘ഒരു ഉമ്മ തരാതെ അവന്‍ കിടന്നുറങ്ങിയിട്ടില്ല. പള്ളിയില്‍ നിന്നും മിഠായി കിട്ടായാല്‍ എനിക്ക് കൊണ്ടുത്തരും. എടാ മോനെ.. ഉമ്മയെ ഇവിടെ നിന്ന് ഒന്നുകൊണ്ടു പോടാ… ഞാന്‍ വാങ്ങി തന്ന തുണിയുടെ ഓര്‍മ്മ എങ്കിലും നിനക്ക് ഉണ്ടെങ്കില്‍ ഒന്നുവാടാ.. അവന് രണ്ടര വയസുള്ളപ്പോഴാ ഉപ്പ പോയി. പിന്നെ എന്റെ കുഞ്ഞിന് വേണ്ടിയാ ജീവിച്ചേ.. വേറെ കല്ല്യാണം കഴിക്കാന്‍ പലരും പറഞ്ഞിട്ടും ഞാന്‍ കേട്ടില്ല. ടാ മോനെ.. ഒന്നുവന്ന് കൊണ്ടുപോടാ..എനിക്ക് നിന്റെ കൂടെ ജീവിച്ചാ മതിയെടാ’ ബീവി നിറകണ്ണുകളോടെ പറയുന്നു.
‘ദേ ഡയറിയില്‍ ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ മരിച്ചാ എന്റെ മയ്യത്ത് പോലും അവന്‍മാരെ കാണിക്കരുത്. ചേറ്റുവാ പാലം എന്ന് കേട്ടിട്ടുണ്ടോ അതിന്റെ പണി നടക്കുമ്പോള്‍ വാപ്പ മരിച്ചുപോയ ഇവന്‍മാരെ തുണികെട്ടി പാലത്തിന് സമീപം കിടത്തിയിട്ട് ഞാന്‍ പണിക്ക് പോകും. മൂന്നു ഓട്ടോയാണ് ഞാന്‍ മൂത്ത മോന് വാങ്ങി കൊടുത്തത്. ഇളയവനും വണ്ടി വാങ്ങി കൊടുത്തു. എന്റെ കയ്യിലുള്ളത് എല്ലാം ഞാന്‍ കൊടുത്തു’ ഉമ്മ സൗദ പറയുന്നു.
‘ഇവിടെ ഇറങ്ങിക്കോ ഞാന്‍ പോയി പെട്രോള്‍ അടിച്ചിട്ടുവരാം. പിന്നെ വന്നില്ല. അവര്‍ക്ക് ഭാര്യ മതി. പഴുത്തില വീഴുമ്പോള്‍ പച്ചില ചിരിക്കുമെന്ന് പറയാറില്ലേ.. നാളെ നിനക്കും ഈ ഗതി വരും..’ ഇത് അമ്മ കൊച്ചുത്രേസ്യയുടെ വിലാപമാണ്. ‘എന്റെ സമ്പാദ്യം എല്ലാം കൊടുത്തു. 37 വര്‍ഷം പോറ്റി വളര്‍ത്തി. കൊച്ചുമക്കള്‍ക്കൊപ്പം ടിവി കാണാന്‍ ഇരുന്നാ പോലും അവര്‍ ടിവി ഓഫാക്കും. പിന്നെ സഹിക്കാന്‍ പോലും പറ്റാത്ത കുത്ത് വാക്ക്. ഒടുവില്‍ ഇവിടെ കൊണ്ടാക്കി…’ ഇത് അമ്മ ഗിരിജയുടെ വേദന.
ഇങ്ങനെ നിരവധി പേര്‍ക്കാണ് വേദനകള്‍ പങ്കിടാനുള്ളത്. മാതൃദിനത്തില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെയ്ക്കുന്നവരും കേള്‍ക്കണം ആരോരുമില്ലാതെ കഴിയുന്ന ഈ അമ്മമാരുടെ വിലാപം കൂടി എന്നും സോഷ്യല്‍മീഡിയ പറഞ്ഞു വെയ്ക്കുന്നുണ്ട്.
Discussion about this post