കുമളി: പെന്‍ഷന്‍തുക കൊടുക്കാത്തതിനെ തുടര്‍ന്ന് അമ്മയെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. കുമളി ചെങ്കര എച്ച്എംഎല്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ലയത്തില്‍ താമസിക്കുന്ന രാജേന്ദ്രന്‍ (47) ആണ് സ്വന്തം അമ്മയോട് ഈ ക്രൂരത ചെയ്തത്.
കഴിഞ്ഞ ദിവസം അമ്മ പുറത്ത് പോയതിന് പിന്നാലെ വീട് രണ്ടു താഴുകള്‍ കൊണ്ട് പൂട്ടിയ ശേഷം ഇതിലേക്ക് വൈദ്യുതി കണക്ഷന്‍ കൊടുത്തു. തിരികെ എത്തി കതകില്‍ തൊട്ടതോടെ അമ്മ ഷോക്കടിച്ച് തെറിച്ചു വീണു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.
ഭാര്യയും മക്കളുമായി പിണങ്ങി രാജേന്ദ്രന്‍ അമ്മക്കൊപ്പമായിരുന്നു താമസം. അമ്മ മരിയ സെല്‍വവും ഏകമകനായ രാജേന്ദ്രനും മാത്രമാണു വീട്ടില്‍ ഉള്ളത്. തയ്യല്‍ തൊഴിലാളിയാണ് രാജേന്ദ്രന്‍. അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. അമ്മയ്ക്കു ലഭിക്കുന്ന പെന്‍ഷന്‍ തുക വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വഴക്കുണ്ടായി തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപോയി. പെന്‍ഷന്‍ തുക നല്‍കാത്തതിന് പ്രതികാരം ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകശ്രമത്തിനു രാജേന്ദ്രനെതിരെ കേസെടുത്തു. നാളെ കോടതിയില്‍ ഹാജരാക്കും.