തൃശ്ശൂര്‍: റോഡ് സുരക്ഷാ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരളാ പോലീസ് അവതരിപ്പിച്ച ‘പപ്പു സീബ്ര’ ആനിമേഷന്‍ രൂപത്തിലെത്തുന്നു. കുട്ടിക്കള്‍ക്കിടയില്‍ റോഡ് സുരക്ഷയെക്കുറിച്ച് കൂടുതല്‍ പ്രചരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് കേരളാ പോലീസ് ഇത് പുറത്തിറക്കുന്നത്. മമ്മൂട്ടിയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.
ചെറു കഥകളിലൂടെയും കവിതകളിലൂടെയും റോഡപകടത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് കേരളാ പോലീസ് പപ്പു സീബ്ര ആനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി നേതൃത്വം വഹിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടനയും ഇത്തവണ ഇതിനോടൊപ്പം പങ്കാളികളാവുന്നുണ്ട്. അപകട രഹിതമാകട്ടെ നമ്മുടെ നിരത്തുകള്‍ എന്ന കുറിപ്പോടെയാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
കേരളാ പോലീസ് 2009ലാണ് പപ്പു സീബ്രയെ ആദ്യമായി അവതരിപ്പിക്കുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് പപ്പുവിന്റെ ശില്‍പ്പി. അന്ന് ഐജിയായിരുന്ന ഡോ.ബി സന്ധ്യ ഐപിഎസും ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് ഐപിഎസും ആണ് ഈ കഥാപാത്രത്തിന് പപ്പു എന്ന പേര് നല്‍കിയത്. മികച്ച റോഡ് സുരക്ഷാ പ്രചരണത്തിന് അന്താരാഷ്ട്ര മീഡിയ സേഫ്റ്റി അവാര്‍ഡ് നേടിയിട്ടുള്ള ഈ പദ്ധതി മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കിയിരുന്നു.
Discussion about this post