തൃശ്ശൂര്‍: പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം നാളെ. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിത്തുടങ്ങും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനു മുന്നില്‍ പതിനൊന്നുമണിയോടെ മഠത്തില്‍വരവ് പഞ്ചവാദ്യം തുടങ്ങും.
ഉച്ചയ്ക്ക് രണ്ടുമണിയോടടുക്കുമ്പോള് വടക്കുംനാഥക്ഷേത്രത്തില്‍ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോല്‍ വീഴും. വൈകീട്ട് നാലോടെ തെക്കേഗോപുരനടയില്‍ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. മുഖാമുഖം നില്ക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോടൊപ്പമാവും പുരുഷാരം. പുലര്‍ച്ചെ മാനത്ത് വര്‍ണം നിറയ്ക്കുന്ന വെടിക്കെട്ട്. ചൊവ്വാഴ്ച പകല്‍പ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാര്‍ ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും.
അതേസമയം, തൃശ്ശൂര്‍ പൂരത്തിന്റെ വരവറിയിച്ചുളള വിളംബര ചടങ്ങുകള്‍ ഇന്ന് നടക്കും. നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളി തുറക്കുന്നതോടെയാണ് ഈ വര്‍ഷത്തെ പൂരത്തിന് തുടക്കമാകുക. രാവിലെ 9.30നും 10.30നും ഇടയിലാണ് ചടങ്ങുകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ഇത്തവണയും തിടമ്പേറ്റുന്നത്.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. 10 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടിതിരിച്ചാണ് ആളുകളെ നിയന്ത്രിക്കുക. അതേസമയം, ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ശന സുരക്ഷയാണ് പൂരപറമ്പില്‍ ഒരുക്കിയിരിക്കുന്നത്.
Discussion about this post