സന്നിധാനം: അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീയ്ക്ക് നേരെ പ്രതിഷേധക്കാര്‍ പാഞ്ഞടുത്ത സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തകരോട് അടങ്ങാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി. പോലീസ് മൈക്കിലൂടെയാണ് അദ്ദേഹം ശബരിമല സന്നിധാനം നിയന്ത്രിച്ചത്.
‘നമ്മള് ഇവിടെ വന്നിരിക്കുന്നത് ഭക്തന്മാര് ആയിട്ടാണ്. ഇവിടെ ചിലയാളുകള്‍ ഈ കൂട്ടത്തില്‍ കുഴപ്പമുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ട് വന്നിട്ടുണ്ട്. അവരുടെ കുതന്ത്രത്തില്‍ വീണ് പോകാന്‍ പാടില്ല. നമ്മള് ശാന്തമായി, സമാധാനമായി ദര്‍ശനം നടത്തണം. ദര്‍ശനം നടത്താന്‍ പ്രായപരിധിക്ക് പുറത്തുള്ളവര്‍ വന്നാല്‍ അവര്‍ക്ക് സഹായവും ചെയ്തുകൊടുക്കണം. പ്രായപരിധിയിലുള്ളവരെ തടയാന്‍ വേണ്ടിയിട്ടുള്ള സംവിധാനം ഇവിടെയുണ്ട്. ആചാരലംഘനം ഇവിടെ നടക്കില്ല. അതിന് ഇവിടെ പോലീസുണ്ട്. നമ്മുടെ വളണ്ടിയര്‍മാരുണ്ട്. അവിടെ പമ്പ മുതല്‍ അതിനുള്ള സംവിധാനം ഉണ്ട്. അത് കടന്നിട്ട് ആര്‍ക്കും ഇങ്ങോട്ട് വരാന്‍ പറ്റില്ല. നമ്മള് ആവശ്യമില്ലാതെ വികാരാധീനരാകേണ്ടതില്ല. ശബരിമല കലാപകേന്ദ്രമാക്കണം എന്ന് പ്രചരണം നടത്തുന്ന ആളുകള്‍ക്ക് ഇന്ന് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായിക്കിട്ടണമെന്ന് ആഗ്രഹമുണ്ട്. അവരുടെ കെണിയില്‍ വീഴാനാണോ ഉദ്ദേശിക്കുന്നത്. സ്വയം വളണ്ടിയര്‍മാരായി ശാന്തമായ രീതിയില്‍ നടയിറങ്ങാന്‍ സാധിക്കണം. പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കെണിയില്‍ വീഴാന്‍ പാടില്ല. നമ്മള് ശാന്തമായി ഇരുന്നാല്‍ മതി. ഇവിടെ ആചാരലംഘനം തടയാനുള്ള സംവിധാനം ഇവിടെയുണ്ട്. എല്ലാവരേയും ആവശ്യമായി വരേണ്ട സന്ദര്‍ഭം വരികയാണെങ്കില്‍ എല്ലാവരേയും വിളിക്കും. അപ്പോള്‍ വന്നാല്‍ മതി. ഇങ്ങനെ ആവര്‍ത്തിച്ചുപറയുന്നത് നമുക്ക് മോശമാണ്. അതിന് ഇടയാക്കരുത്.’ വത്സന് തില്ലങ്കേരി പറയുന്നു.
ചെറുമകന്റെ ചോറൂണിന് ശബരിമലയിലെത്തിയ 52കാരിക്ക് നേരെ പ്രതിഷേധം അരങ്ങേറിയതിനെ തുടര്‍ന്നാണ് ശബരിമല ശാന്തമാക്കാന്‍ ആര്‍എസ്എസ് നേതാവ് പോലീസ് മൈക്ക് ഉപയോഗിച്ചത്. 250ഓളം വരുന്ന പ്രതിഷേധക്കാരാണ് സ്ത്രീകള്‍ക്കെതിരെ പ്രതിഷേധിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അമ്പതു വയസിന് മുകളില്‍ ഇവര്‍ക്ക് പ്രായമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ ദര്‍ശനം നടത്താന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചത്.
ദര്‍ശനം നടത്തിയ ശേഷം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴും പ്രതിഷേധക്കാര്‍ ഇവരെ കൂക്കിവിളിച്ചു. ഇതിനിടെ പ്രതിഷേധക്കാരുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.
Discussion about this post