ചങ്ങരംകുളം: കുടുംബത്തിന്റെ ഏക തണലായ മകനും നഷ്ടപ്പെട്ടതോടെ വീടും പുരയിടവും ജപ്തി ഭീഷണിയിലാവുകയും ദാരിദ്രത്തില്‍ വീണുപോവുകയും ചെയ്ത കുടുംബത്തിന് സഹായമെത്തിച്ച് ദൈവദൂതനായി പ്രവാസി വ്യവസായി എംഎ യൂസഫലി. ഗള്‍ഫില്‍ മരണപ്പെട്ട കോക്കൂര്‍ സ്വദേശി പൊന്നനെംകാട്ട് മുഹമ്മദ് ആഷികിന്റെ കുടുംബത്തിനാണ് ലുലു ഗ്രൂപ്പ് എംഡി കൂടിയായ എംഎ യൂസഫലി കാരുണ്യഹസ്തം നീട്ടിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 15 നാണ് അല്‍ഐനിലെ താമസസ്ഥലത്ത് ആഷികിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കിടപ്പിലായ മാതാവും, അജ്ഞാത രോഗം ബാധിച്ച് ശരീരം തളര്‍ന്ന് കിടപ്പിലായ സഹോദരിയുടെയും ഏക ആശ്രയമായിരുന്നു ആഷിക്. ഭാര്യയും ഒരു പെണ്‍കുഞ്ഞുമുണ്ട്. പിതാവ് രണ്ടു കൊല്ലം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇതോടെ കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവന്‍ ചുമലിലേറ്റിയിരുന്നത് ആഷികായിരുന്നു.
കുടുംബം പോറ്റാനും ചികിത്സക്കുമായി ആഷിക് വീടും പുരയിടവും പണയപ്പെടുത്തി ചങ്ങരംകുളത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നു 2009 ലു 2017 ലുമായി ആകെ 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മരണം വരെ വായ്പ തിരിച്ചടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെപ്റ്റംബറിലുണ്ടായ ആഷികിന്റെ വിയോഗത്തോടെ കുടുംബത്തിന് നിത്യവൃത്തിക്ക് പോലും പണമില്ലാത്ത അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പലിശയും മറ്റുമായി പതിനേഴര ലക്ഷമായി ബാധ്യത ഉയര്‍ന്നു. ബാങ്ക് ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
കുടുംബം കുടിയൊഴിപ്പിക്കലിന്റെ വക്കിലായതോടെ ഇവരെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പിപിഎം അഷ്റഫ് ചെയര്‍മാനും കെഎ റഷീദ് കണ്‍വീനറുമായി ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് കുടുംബത്തിന്റെ ദൈന്യത അറിഞ്ഞ് വ്യവസായിയായ എംഎ യൂസഫലി കാരുണ്യഹസ്തവുമായി ഇവരെ സമീപിച്ചത്.
വിശദ വിവരങ്ങള്‍ നിമിഷങ്ങള്‍ കൊണ്ട് ശേഖരിച്ച എംഎ യൂസഫലി 24 മണിക്കൂറിനകം മുഴുവന്‍ പണവും അടച്ച് പണയാധാരം തിരിച്ചെടുത്ത് ആഷികിന്റെ വൃദ്ധമാതാവിനെ ഏല്‍പ്പിക്കാന്‍ കേരളത്തിലെ കമ്പനിയുടെ ചുമതലയുള്ള ഹെഡോഫീസിനു നിര്‍ദേശം നല്‍കുകയായിരുന്നു.
ഈ വിവരങ്ങള്‍ ഒന്നും അറിയാതിരുന്ന കുടുംബത്തിനെ ബാധ്യതകള്‍ അവസാനിച്ച സന്തോഷ വാര്‍ത്തയുമായി ബാങ്ക് മാനേജര്‍ ഉള്‍പ്പെടുന്ന സംഘം സമീപിച്ചപ്പോള്‍ ആദ്യം അവരും അമ്പരന്നു. ബാങ്ക് ബാധ്യതകളെല്ലാം ലുലു യൂസഫലി എന്ന പ്രവാസി വ്യവസായി അടച്ചുതീര്‍ത്തെന്ന വാര്‍ത്തയാണ് അവരെ അറിയിച്ചത്, ആദ്യം ഒന്നും വിശ്വസിക്കാനായില്ല.
പിന്നീട് സര്‍വ്വ ശക്തനായ ദൈവമാണു റമദാന് മാസത്തില്‍ അദ്ദേഹത്തെ ഞങ്ങളുടെ മുന്നിലെത്തിച്ചതെന്നും, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാതാപ്പിതാക്കള്‍ക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഉള്ളറിഞ്ഞ പ്രാര്‍ത്ഥന എല്ലാകാലത്തും ഉണ്ടാകുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ഒപ്പം യൂസഫലിക്ക് നന്ദിയും കടപ്പാടും രേഖപ്പെടുത്തികൊണ്ട് നാട്ടുകാര്‍ ഇതേ ലക്ഷ്യത്തിനു വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.
Discussion about this post