ചങ്ങനാശ്ശേരി: ഒരു യാത്രയ്ക്ക് കൊണ്ടു പോകുമോ അച്ഛാ എന്നുള്ള മകന്റെ ചോദ്യത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറായ അച്ഛന് പിന്നെ ഒന്നും ചിന്തിച്ചില്ല, മകനെയും കൂട്ടി ഇറങ്ങി ജോലിക്ക്. നിറകൈയ്യടികളാണ് ഈ അച്ഛനും മകനും സോഷ്യല്‍മീഡിയ നല്‍കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയും ഡ്രൈവറുമായ സന്തോഷ് കുട്ടനും മകന് അപ്പൂസ് എന്ന് വിളിക്കുന്ന കൈലാസനാഥനുമാണ് താരങ്ങള്‍.
ചങ്ങനാശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറാണ് സന്തോഷ്. വേളാങ്കണ്ണി സൂപ്പര്‍ എക്സ്പ്രസിന്റെ വളയമാണ് സന്തോഷ് പിടിക്കുന്നത്. അതിനിടെയാണ് പത്തുവയസ്സുകാരനായ മകന് അപ്പൂസിന് അച്ഛനൊപ്പം ബസില്‍ യാത്ര പോകണമെന്ന ആഗ്രഹം ഉടലെടുത്തത്. തിരക്ക് മൂലം ‘പിന്നെ ഒരിക്കലാകാം’ എന്നാണ് എപ്പോഴും മറുപടി നല്‍കാറുള്ളത്. എന്നാല്‍ ഇത്തവണ ആ ആഗ്രഹം അങ്ങ് സാധിച്ച് കൊടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകാന്‍ നേരം ഒപ്പം വരാന്‍ അപ്പൂസിനോട് സന്തോഷ് പറയുകയായിരുന്നു. യാത്രക്കായി മാറ്റിവെച്ചിരുന്ന തന്റെ സമ്പാദ്യവും കൈയ്യില്‍ എടുത്ത് സ്കൂള്‍ ബാഗില്‍ ഒരു ജോഡി ഡ്രസും വെള്ളവും സ്നാക്സുമായി അപ്പൂസ് പുറപ്പെട്ടു, അച്ഛനൊപ്പം. അച്ഛനോടിക്കുന്ന ബസില്‍ യാത്രക്കാരനായി ആയിരുന്നു അപ്പൂസിന്റെ യാത്ര. ടിക്കറ്റെടുക്കാന്‍ വന്ന കണ്ടക്ടര്‍ക്ക് മുന്നില്‍ കൈവശമുണ്ടായിരുന്ന പണം നല്‍കുകയും ചെയ്തു.
എന്നാല്‍ ”ഇന്നത്തെ യാത്ര കണ്ടക്ടര്‍ മാമന്റെ വക” എന്നുപറഞ്ഞ് കണ്ടക്ടര്‍ പണം തിരികെ നല്കി, ടിക്കറ്റും നല്കി. ഇതോടെ അപ്പുന് സന്തോഷമായി. പുറത്തുള്ള കാഴ്ചകളൊക്കെ ആസ്വദിച്ചും ഇടയ്ക്ക് അച്ഛനടുത്തേയ്ക്ക് പാഞ്ഞും യാത്ര രസകരമാക്കി. രാത്രി എട്ടരയോടെ ബസ് പാലക്കാടെത്തി. ചങ്ങനാശേരിയില്‍ വരുന്ന ഡ്രൈവര്‍ പാലക്കാട് ഇറങ്ങി, പാലക്കാട് നിന്നുള്ള ഡ്രൈവര്‍ ബസ് വേളാങ്കണ്ണിയിലേക്ക് ഓടിച്ചുകൊണ്ടുപോകുകയുമാണ് പതിവ്. പാലക്കാട് ഇറങ്ങി അച്ഛനും മകനും ചെറിയ കറക്കമൊക്കെ നടത്തി. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെ അപ്പൂസിന് പരിചയപ്പെടുത്തിക്കൊടുത്തു.
വെളുപ്പിന് 1.30 മണിയോടെ വേളാങ്കണ്ണിയില്‍ നിന്ന് തിരികെ വരുന്ന ബസ് പാലക്കാട് നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെട്ടു. മടക്കയാത്രയില്‍ യാത്രക്കാരെല്ലാം ഉറങ്ങിയെങ്കിലും രാത്രികാഴ്ചകള്‍ കണ്ട് അപ്പൂസ് അച്ഛന് കൂട്ടിരുന്നു. അച്ഛനൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അപ്പൂസ്. മകന്റെ ഏറേനാളായുള്ള ആഗ്രഹം നിറവേറ്റാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ സന്തോഷും. അച്ഛനെയും മകനെയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post