ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവ്; കഷ്ടപ്പെട്ടുണ്ടാക്കിയ കെട്ടിടങ്ങള്‍ ആണെന്ന് കോടതി മനസിലാക്കണം, റിട്ട് ഹര്‍ജി നല്‍കാനൊരുങ്ങി ഉടമകള്‍

കൊച്ചി: പ്രകൃതിക്ക് ഹാനികരമാണെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി കൊച്ചിയിലെ ചില ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനകം പൊളിക്കണം എന്ന് ഉത്തരവിറക്കിയത്. അതേസമയം ഇപ്പോള്‍ ഫ്‌ളാറ്റിന്റെ ഉടമകള്‍ ഉത്തരവിനെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ആദ്യഘട്ടത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുമായി ചര്‍ച്ച നടത്താനും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും തീരുമനിച്ചതായി കെട്ടിടത്തിന്റെ ഉടമകള്‍ അറിയിച്ചു.

കൊച്ചി മരടിലെ ഹോളിഫെയ്ത് കെട്ടിടത്തില്‍ 90 ഫ്‌ളാറ്റുകളാണ് പൊളിക്കാന്‍ പറഞ്ഞ ലിസ്റ്റില്‍ പെട്ടിട്ടുള്ളത്. ഈ കെട്ടിടത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും, അഭിഭാഷകരും, ഡോക്ടര്‍മാരും, പ്രവാസി വ്യവസായികളും തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുളളവര്‍ ഉണ്ട്. നിയമപരമായ എല്ലാ രേഖകളും പരിശോധിച്ച് ഉറപ്പു വരുത്തിയാണ് ഈ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയതെന്നും എല്ലാവരും പറയുന്നു.

വളരെയധികം കഷ്ടപ്പെട്ടാണ് ഓരോ കെട്ടിട ഉടമകളും തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിച്ചത്. എന്നാല്‍ ഇപ്പോള്‍ കോടതി വിധി എതിരായപ്പോള്‍ വളരെയധികം ദുഖത്തിലായി ഉടമകള്‍. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രശ്‌നങ്ങളും കോടതി കണക്കിലെടുക്കണമെന്നാണ് ഉടമകള്‍ പറയുന്നത്. മരട് പഞ്ചായത്ത് മുന്‍സിപ്പാലിറ്റിയായപ്പോള്‍ പരിസ്ഥിതി ലോല മേഖലയുടെ മാപ്പിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ പിഴവാണ് കോടതി ഉത്തരവിലേക്ക് നയിച്ചതെന്നും ഉടമകള്‍ വിശ്വസിക്കുന്നു.

സമാനപ്രശ്‌നം നേരിടുന്ന എല്ലാ ഫ്‌ളാറ്റുകളുടെയും ഉടമകളുടെ പൊതുവേദിയുണ്ടാക്കി സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയാല്‍ അനുകൂല ഉത്തരവ് കോടതിയില്‍ നിന്നു കിട്ടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

Exit mobile version