തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ആറ് വയസുകാരന്‍ ഉള്‍പ്പടെ രണ്ട് മരണം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലപ്പുറം തിരൂര്‍ ഒഴൂര്‍ പൈനാട്ടില്‍ മണിയുടെ ഭാര്യ രുഗ്മിണി(47), മണിയുടെ സഹോദരന്‍ രവീന്ദ്രന്റെ മകന്‍ അലന്‍ കൃഷ്ണ(6) എന്നിവരാണ് മരിച്ചത്.
തൃശ്ശൂര്‍-കുന്ദംകുളം റോഡില്‍ രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. അതേസമയം ഓട്ടോയിലുണ്ടായിരുന്ന നാല് പേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശി മണി, മകന്‍ രജീഷ്, മണിയുടെ സഹോദരന്‍ രവീന്ദ്രന്റെ മക്കളായ നിയ, നിവ്യ, ലോറി ഡ്രൈവര്‍ നാഗര്‍കോവില്‍ സ്വദേശി രമേശ് എന്നിവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറത്തു നിന്ന് മൂന്ന് കുട്ടികളടക്കം ആറ് പേരടങ്ങുന്ന സംഘം തൃശ്ശൂരിലേക്ക് പോകുന്ന വഴിയാണ് കോഴിക്കോട്ടേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്.