കോഴിക്കോട്: ഇംഗ്ലീഷ് പേപ്പര്‍ അധ്യാപകന് തിരുത്തിയതിനെ സംബന്ധിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും തന്റെ അറിവോടെയല്ലെന്നും കോഴിക്കോട് നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മൊഴി. ഇതോടെ പരീക്ഷാ പേപ്പര്‍ തിരുത്തിയ സംഭവത്തില്‍ അധ്യാപകനെതിരെ കുരുക്ക് മുറുകി. നേരത്തെ, പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് അവരുടെ സമ്മതത്തോടെ ചില സഹായങ്ങള്‍ പരീക്ഷാ പേപ്പറില്‍ ചെയ്തുവെന്നായിരുന്നു അധ്യാപകന് നിഷാദ് വി മുഹമ്മദ് വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ താന്‍, ഈ അധ്യാപകനെ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരിക്കല്‍പ്പോലും നേരിട്ട് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്നും ജയിക്കുമെന്ന് ഉറപ്പായിരുന്ന തനിക്ക് പരീക്ഷാഫലം പുറത്ത് വരാത്തതു കടുത്ത നിരാശയുണ്ടെന്നും വിദ്യാര്‍ത്ഥി പറയുന്നു.
പരീക്ഷാഫലം വൈകുന്നതിലെ കാലതാമസം ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പാള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. അധ്യാപകന് തന്റെ ഉത്തരക്കടലാസ് തിരുത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരിക്കല്‍പ്പോലും അദ്ദേഹത്തിനോടു സംസാരിച്ചിട്ടില്ല. ഇംഗ്ലീഷിനു മികച്ച പ്രകടനമായിരുന്നില്ലെങ്കിലും ജയിക്കാനുള്ള മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പല തരത്തില്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ കടുത്ത മാനസിക വിഷമമാണുണ്ടാകുന്നതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഉപരിപഠനം പ്രതിസന്ധിയിലായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്കൂള്‍ അധികൃതര്ക്കാണെന്നു കുട്ടിയുടെ കുടുംബവും ആരോപിച്ചു.
Discussion about this post