ഫോനി ഇരുട്ടിലാക്കിയ ഒഡീഷയെ പ്രകാശിപ്പിക്കാന്‍ കേരളത്തിന്റെ കെഎസ്ഇബി

ഒഡിഷയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി അയച്ച ആദ്യ സംഘം ഒഡിഷയിലെത്തി.

തിരുവനന്തപുരം: ഫോനി ചുഴിക്കാറ്റില്‍ വൈദ്യുത ലൈനുകള്‍ തകര്‍ന്ന് ഇരുട്ടിലായ ഒഡിഷയ്ക്ക് വെളിച്ചമേകാന്‍ കേരള വൈദ്യുതി വകുപ്പ്. ഒഡീഷയില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തില്‍ പാലക്കാടു നിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്.

ആകെ 200 പേരുടെ സംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കാന്‍ കെഎസ്ഇബി ഒഡീഷയിലേക്ക് അയക്കുന്നത്. രണ്ടാംഘട്ടമെന്ന് നിലയില്‍ കണ്ണൂരില്‍ നിന്നുള്ള കെഎസ്ഇബി. ജീവനക്കാരുടെ സംഘം ശനിയാഴ്ച പുറപ്പെടും.

കണ്ണൂരില്‍നിന്നുള്ള 30 അംഗ സംഘം ശനിയാഴ്ച ഉച്ചയ്ക്ക് ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ തൃശ്ശൂരിലേക്കും അവിടെനിന്ന് ഷാലിമാര്‍ എക്സ്പ്രസ്സില്‍ ഭുവനേശ്വരിലേക്കും തിരിക്കും. മറ്റ് ജില്ലകളിലെ ജീവനക്കാരും അടുത്ത ദിവസങ്ങളില്‍ തന്നെ ഒഡീഷയിലേക്ക് പുറപ്പെടും.

ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒന്നരലക്ഷത്തോളം പോസ്റ്റുകളാണ് ഒഡീഷയില്‍ തകര്‍ന്നു വീണിരിക്കുന്നത്. ഒരാഴ്ചയായിട്ടും നഗരപ്രദേശങ്ങളില്‍ പോലും വൈദ്യുതിയെത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ ദൗത്യമെന്ന നിലയില്‍ കെഎസ്ഇബി വിദഗ്ദ സംഘത്തെ അയക്കുന്നത്.

20 ദിവസത്തെ പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ വിദഗ്ധസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കരാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരടങ്ങുന്നതാണ് കെഎസ്ഇബി സംഘം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് 200 അംഗങ്ങളടങ്ങുന്ന കേരളത്തിന്റെ പ്രത്യേക ദൗത്യസേന ഒഡീഷയിലേക്ക് പോകുന്നത്. ഇതിന് പുറമെ കേരളം ഒഡീഷയ്ക്ക് 10 കോടി രൂപയും നല്‍കുന്നുണ്ട്.

Exit mobile version