കൊല്ലം: സ്‌കൂള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കടകളിലും മറ്റും പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. കൊല്ലം ജില്ലയില്‍ സിറിഞ്ചില്‍ ചോക്ലേറ്റ് നിറച്ച് വിറ്റിരുന്നത് നിരോധിച്ചതിന് പിന്നാലെ ആണ് സുരക്ഷ കര്‍ശനമാക്കിയത്.
ചോക്കോഡോസ് എന്ന പേരില്‍ സിറിഞ്ചില്‍ നിറച്ച് വിറ്റിരുന്ന ചോക്ലേറ്റാണു കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജില്ലയില്‍ നിരോധിച്ചത്. ആശുപത്രികള്‍, ലാബോറട്ടറികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന സിറിഞ്ചുകളില്‍ ചോക്ലേറ്റ് നിറയ്ക്കുന്ന സാഹചര്യവും അതുവഴിയുള്ള ആരോഗ്യ ഭീഷണിയും കണക്കിലെടുത്തായിരുന്നു നിരോധനം.
ഇത്തരത്തിലുള്ള ചോക്ലേറ്റ് പിടിച്ചെടുക്കാനെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു മരുന്നിനു പോലും ഒരെണ്ണം ലഭിക്കാതിരുന്നതാണ് ദുരൂഹത വര്‍ധിപ്പിക്കാന്‍ ഇടയായത്. പരിശോധനയ്ക്കു മുന്നോടിയായി ഇവ മറ്റെവിടേക്കെങ്കിലും മാറ്റിയോ എന്നതും കണ്ടെത്തേണ്ടതുണ്ട്.
സംശയകരമായ സാഹചര്യത്തിലാണ് മിഠായിയുടെ വിതരണം എന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടും നടപടിക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിഗണിച്ചിരുന്നു. മൊത്ത വിതരണ ഏജന്‍സികളോ ഉല്‍പാദകരോ മിഠായി എത്തിക്കുന്ന കുപ്പികളില്‍ നിന്നു മാറ്റി വില്‍പനക്കാര്‍ മറ്റു കുപ്പികളിലിട്ടാണു വില്‍ക്കുന്നത്. ഇതോടെ മിഠായിയുടെ കാലാവധി എന്നു വരെയാണെന്നു കണ്ടെത്താന്‍ കഴിയാതെ വരും. കാലാവധി കഴിഞ്ഞ മിഠായി കുട്ടികളിലെത്താനും സാധ്യതയേറും.ഇക്കാര്യത്തില്‍ വില്‍പനക്കാര്‍ക്കു ഭക്ഷ്യസുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തങ്കശേരി ഭാഗത്ത് ഇത്തരത്തില്‍ സിറിഞ്ചിലുള്ള ചോക്ലേറ്റ് വില്‍ക്കുന്നതായും കുട്ടികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായും മാതാപിതാക്കള്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു ലഭിച്ച വിവരം അനുസരിച്ചു സ്ഥലത്തു പരിശോധനയ്ക്കെത്തിയെങ്കിലും ഒഴിഞ്ഞ സിറിഞ്ചുകള്‍ മാത്രമാണു ലഭിച്ചത്. തുടര്‍ന്നു നാട്ടുകാരില്‍ നിന്നും വില്‍പനക്കാരനില്‍ നിന്നും മൊഴിയെടുത്ത ശേഷം സംഘം മടങ്ങി. അഹമ്മദാബാദിലെ ആയുഷ് ചോക്കോയാണ് വിതരണ ഏജന്‍സിയെന്നു കണ്ടെത്തി.