തൃശ്ശൂര്‍: ഭീകരാക്രമണ ഭീഷണി നിലനില്‍ക്കെ തൃശ്ശൂര്‍ പൂരത്തിന് കനത്ത സുരക്ഷ. ഇതുവരെയുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ സുരക്ഷാക്രമീകരണമാണ് ഇത്തവണ പൂരത്തിന് ഒരുക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് 160 ബോംബുവിദഗ്ധര്‍ സ്ഥലത്തെത്തും. ബോംബുകള്‍ കണ്ടെത്തുന്നതിനും നിര്‍വീര്യമാക്കുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് സുരക്ഷാസംവിധാനങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, നിലവില്‍ ഭീഷണികളില്ലെന്നും അയല്‍സംസ്ഥാനങ്ങളിലെയും അയല്‍രാജ്യങ്ങളിലെയും സംഭവവികാസങ്ങള്‍ മുന്‍നിര്‍ത്തിയാണ് സുരക്ഷ ശക്തമാക്കിയതെന്നും തൃശ്ശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
പൂരംദിവസമായ 13-ന് വടക്കുന്നാഥക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്‌ക്വാഡ് ഉണ്ടായിരിക്കും. പരിശോധനയ്ക്കായി പടിഞ്ഞാറെഗോപുരനടയിലും കിഴക്കേഗോപുരനടയിലും അത്യാധുനികസംവിധാനങ്ങള്‍ സജ്ജീകരിക്കും.
40 ഡോര്‍ഫ്രെയിംഡ് മെറ്റല്‍ ഡിറ്റക്ടറുകളാണ് ഉപയോഗിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ബാഗുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. 10 ഡോഗ് സ്‌ക്വാഡുകളും സേവനത്തില്‍ ഉണ്ടായിരിക്കും. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിര്‍വീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ,
പൂരം കാണാനെത്തുന്നവര്‍ ബാഗിനു പുറമേ പ്ലാസ്റ്റിക് ബോട്ടിലും കൊണ്ടുവരരുതെന്ന് പോലീസ് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഗ്യാസ് സിലിന്‍ഡറുകള്‍ ഉപയോഗിച്ചുള്ള ബലൂണ്‍ വില്‍പ്പനയും പൂര പറമ്പില്‍ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
അപരിചിതര്‍ക്ക് വീടോ വാഹനമോ നല്‍കരുതെന്ന് നിര്‍ദേശമുണ്ട്. രേഖകളും ഫോട്ടോയും നല്‍കാത്തവര്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കരുത്. അടിയന്തരമായി സിം കാര്‍ഡോ ഫോണോ അന്വേഷിച്ചെത്തുന്ന അപരിചിതരുടെ വിവരം പോലീസിന് കൈമാറണമെന്നും പോലീസ് വ്യക്തമാക്കുന്നു. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കണം. വിദേശികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ഇവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറണം.
ജില്ലാ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍ നമ്പര്‍ 100.