ഉഴവൂര്‍: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് നാം. വിവാഹ ഫോട്ടോഷൂട്ടില്‍ നിന്ന് ആരംഭിക്കും വ്യത്യസ്തതകള്‍. ഇപ്പോള്‍ അത്തരത്തിലൊരു വ്യത്യസ്തതയാണ് ശ്രദ്ധ നേടുന്നത്. വെളുപ്പ്, നീല ബലൂണുകളാല്‍ അലംകൃതമായ ഓട്ടോറിക്ഷ ഓടിച്ച് ഒരാള്‍ എത്തി. അത് മറ്റാരുമല്ല മംഗല്യവേഷധാരിയായ സാക്ഷാല്‍ കല്യാണ പെണ്ണ് തന്നെയായിരുന്നു. ഉഴവൂര്‍ പെരുന്താനത്ത് മാമലയില്‍ മോഹനന്‍നായരുടെയും ലീലാമണിയുടെയും മകള്‍ മഹിമയാണ് സ്വന്തം വിവാഹവേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചെത്തിയത്.
പട്ടാമ്പി കൊപ്പം പ്രേംനിവാസില്‍ രാജഗോപാലന്റെയും പുഷ്പയുടെയും മകന്‍ സൂരജായിരുന്നു വരന്‍. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇവിടേയ്ക്കാണ് മഹിമ ഓട്ടോറിക്ഷ ഓടിച്ച് എത്തിയത്. 1995 മുതല്‍ ഉഴവൂര്‍ ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ മോഹനന്റെ ആഗ്രഹമാണ് മകളുടെ വിവാഹം ഓട്ടോറിക്ഷക്കാരുടെ ആഘോഷം ആക്കണമെന്നത്. വിവാഹനിശ്ചയത്തിനും മഹിമ ഓട്ടോറിക്ഷ ഓടിച്ചാണ് എത്തിയത്. ഇതേ ആശയം തന്നെ എന്തുകൊണ്ട് വിവാഹത്തിനും ഉപയോഗിച്ചുകൂടാ എന്ന ചിന്തയാണ് വ്യത്യസ്തതയില്‍ എത്തിച്ചത്. ഉഴവൂര്‍, മരങ്ങാട്ടുപിള്ളി, പൂവത്തുങ്കല്‍ സ്റ്റാന്‍ഡുകളില്‍നിന്നായി 20 ഡ്രൈവര്‍മാര്‍ സ്വന്തം ഓട്ടോറിക്ഷയുമായി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി.
അടുത്തകാലത്തായി കൃഷിപ്പണികളിലേക്കു കൂടി തിരിഞ്ഞതിനാല്‍ മോഹനന്‍നായര്‍ അധിക സമയം ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ചെലവഴിക്കാറില്ല. ചെറുപ്പത്തിലെ മഹിമയെ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയായതോടെ ലൈസന്‍സും എടുത്തു. മഹിമ ബിഎഡ് പൂര്‍ത്തിയാക്കിയതാണ്. സൂരജ് ബഹ്റൈനില്‍ ജോലിചെയ്യുന്നു. വിവാഹവേദിയില്‍നിന്ന് സദ്യ നടക്കുന്നിടത്തേക്കും തിരികെ മഹിമയുടെ വീട്ടിലേക്കും എല്ലാം ഓട്ടോറിക്ഷയില്‍ തന്നെയായിരുന്നു യാത്ര. തുറന്നജീപ്പും കാറും എല്ലാം ഉപയോഗിച്ച് ആഡംബര വിവാഹങ്ങള്‍ നടക്കുമ്പോള്‍ സാധാരണക്കാരന്റെ വാഹനമാണ് ഓട്ടോറിക്ഷയെന്നും യാത്രാസുഖമുള്ള വാഹനമാണെന്നുമുള്ള സന്ദേശം പകരാനാണ് ഈ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് മോഹനന്‍ പറയുന്നു. സംഭവം ഏതായാലും കളര്‍ ആയിട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം.
Discussion about this post