കൊല്ലം: ഇന്ന് നിരവധി പേരാണ് ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പിന് ഇരയാകുന്നത്. സംസ്ഥാനത്ത് തന്നെ നിരവധി പേര്‍ തട്ടിപ്പിന് ഇരയായ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇപ്പോള്‍ പുതിയ രൂപത്തിലാണ് തട്ടിപ്പ് വ്യാപകമാകുന്നത്. സൈ്വപ്പിങ്ങിലൂടെ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുത്ത് വ്യാജകാര്‍ഡുകള്‍ നിര്‍മ്മിച്ചിട്ടുള്ള തട്ടിപ്പാണിത്. സ്വൈപ്പിങ് മെഷീനില്‍ സ്‌കിമ്മറുകള്‍ ഘടിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന തട്ടിപ്പുകളാണ് ഇത്.
തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഇത്തരം തട്ടിപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊല്ലത്തു മാത്രം സമാനമായ പത്തില്‍ കൂടുതല്‍ കേസുകള്‍ ഒരാഴ്ചയ്ക്കിടെ രജിസ്റ്റര്‍ ചെയ്തു. കാര്‍ഡ് ക്ലോണിങ് ആണ് ഇപ്പോള്‍ വ്യാപകമെന്ന് സൈബര്‍ സെല്‍ എസ്‌ഐ വി ജോഷി പറയുന്നു.
സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ കാര്‍ഡ് സ്വൈപ്പ് ചെയ്യുന്നതിലൂടെയാണ് മിക്കവരുടെയും പണം നഷ്ടമായത്. ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലാണ് സൈ്വപ്പിങ് മെഷീനുകളില്‍ നിന്ന് വിവരങ്ങള്‍ കൂടുതലായും ചോരുന്നത്. സ്‌കിമ്മര്‍ ഘടിപ്പിച്ചിട്ടുള്ള സ്വൈപ്പിങ് മെഷീനുകളില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പിന്‍നമ്പറടക്കം എല്ലാ വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഇതിന് പലപ്പോഴും ജീവനക്കാര്‍ തന്നെ കൂട്ടുനില്‍ക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.