കൊച്ചി: തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തില്‍ അരുണ്‍ ആനന്ദിന് പിന്നാലെ കുട്ടിയുടെ അമ്മയും അറസ്റ്റില്‍. എറണാകുളത്ത് മാനസിക ചികിത്സയിലായിരുന്ന യുവതിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യം മറച്ച് വയ്ക്കല്‍, തെളിവ് നശിപ്പിക്കാന്‍ സഹായിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാലനീതി നിയമം 75ാം വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ശിശുക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതിഷേധവും ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിന് കൂട്ട് നില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക ശാരീരിക സമ്മര്‍ദ്ദം ഏല്‍പ്പിക്കുക തുടങ്ങിയവയാണ് ബാലനീതി നിയമം 75ആം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍.
10 വര്‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. അതേസമയം ഇളയ കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി കൈക്കൊണ്ടത്. കുട്ടിയെ കൈമാറാനാവില്ലെന്ന് അവസാന നിമിഷം കുട്ടിയുടെ അമ്മൂമ്മ നിലപാടെടുക്കുകയായിരുന്നു. ശിശുക്ഷേമ സമിതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് അച്ഛന്റെ മാതാപിതാക്കള്‍ക്ക് കൈമാറിയത്.
അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ഏഴു വയസുകാരന് പത്ത് ദിവസത്തോളമാണ് മരണത്തോട് മല്ലടിച്ചത്. ഒടുവില്‍ എല്ലാ വേദനകളും ഇല്ലാതാക്കി അവന് ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. കുഞ്ഞിനോട് ചെയ്ത ക്രൂരതകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത് തന്നെയായിരുന്നു. ഇപ്പോഴും ആ ക്രൂരതയുടെ നടുക്കത്തില്‍ നിന്നും മലയാളക്കര വിട്ടുമാറിയിട്ടില്ല. കളിച്ച് നടക്കേണ്ട പ്രായത്തിലാണ് ആ കുരുന്ന് മൃഗീയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായത്.
Discussion about this post