തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കളക്ടര്‍ അധ്യക്ഷയായ സമിതിയാണെന്ന് വനം മന്ത്രി കെ രാജു. ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കളക്ടര്‍ ആണെന്നും വിഷയത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതിയും നേരത്തേ വ്യക്തമാക്കിയിരുന്നു.
കളക്ടര്‍ ടിവി അനുപമ അധ്യക്ഷയായ സമിതിയില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ആന ഉടമകളുടെ പ്രതിനിധികള്‍, ആനപാപ്പാന്‍മാരുടെ പ്രതിനിധികള്‍ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായ തെക്കോട്ടിറക്കത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നെയ്തലക്കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതി കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയ്ക്കാണ് ഇപ്പോള്‍ തീരുമാനം വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം പ്രായം ഏറിയതിനെ തുടര്‍ന്ന് കാഴ്ചയുടെ കുറവും ആനയ്ക്ക് ഉണ്ട്. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരണ്ടേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂരത്തിന് രാമചന്ദ്രന്‍ കൂടിയേ തീരുവെന്ന വാശിയിലാണ് ആനപ്രേമികള്‍.