കൊച്ചി: ശാന്തിവനത്തില്‍ നിന്ന് വൈദ്യുതിലൈന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ജൈവ വൈവിധ്യബോര്‍ഡ് അയച്ച കത്തിന് വില കല്‍പ്പിക്കാതെ കെഎസ്ഇബി. ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂറ്റിന്റെയും പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി എംഡിയ്ക്ക് ജൈവ വൈവിധ്യബോര്‍ഡ് ചെയര്‍മാന്‍ കത്ത് അയച്ചത്.
ശാന്തിവനത്തിലൂടെയുള്ള വൈദ്യുതലൈന്‍ മാറ്റി സ്ഥാപിക്കണമെന്നും ,136ല്‍ പരം സസ്യജാലങ്ങളും 138 പക്ഷിഇനങ്ങളും വസിക്കുന്ന ശാന്തിവനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ ജൈവവൈവിധ്യത്തെ ബാധിക്കാത്ത തരത്തില്‍ മറ്റൊരു വഴി കണ്ടെത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അത്യപൂര്‍വ ജൈവവൈവിധ്യങ്ങളുടെ കലവറയായ പ്രദേശത്തെ സംസ്ഥാനത്തെ ആദ്യത്തെ ഹെറിറ്റേജ് സൈറ്റ് ആക്കുമെന്ന നിര്‍ണ്ണായക വിവരവും അടങ്ങിയ കത്ത് നല്‍കി അഞ്ച് ദിവസം പിന്നിടുമ്പോഴും അതിന് മറുപടി നല്‍കാന്‍ പോലും കെഎസ്ഇബി ചെയര്‍മാന്‍ തയ്യാറായിട്ടില്ല. അതേസമയം വ്യാപക പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇതൊക്കെ മറികടന്ന് ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശരവേഗത്തില്‍ പുരോഗമിക്കുകയാണ്.
പരിസ്ഥിതി വകുപ്പിന് കീഴിലുള്ള ജൈവവൈവിധ്യ ബോര്‍ഡിന്റെ നിര്‍ദേശത്തിന് പുല്ലുവില നല്‍കുന്ന കെഎസ്ഇബി നിലപാടിന് പിന്നില്‍ ഉന്നത രാഷ്ട്രീയ സമ്മര്‍ദമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന കെഎസ്ഇബിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. ജൈവവൈവിധ്യബോര്‍ഡിന്റെ നിര്‍ദേശം പാലിക്കപ്പെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.അതേ സമയം വൈദ്യുത ടവറിന്റെ അലൈന്‍മെന്റ് ശാന്തിവനത്തില്‍ നിന്ന് മാറ്റണമെന്നാവശ്യവുമായി സംരക്ഷണസമിതി ഇന്ന് മന്ത്രി എംഎം മണിയെ സന്ദര്‍ശിക്കും
Discussion about this post