കൊച്ചി: സമൂഹമാധ്യമങ്ങളില്‍ നിറയെ ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്കുള്ള കൈയ്യടികളാണ്. മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളോട് നൂറ് ശതമാനം നീതി പുലര്‍ത്തി ടീച്ചര്‍ വീണ്ടും മാതൃകയായിരിക്കുകയാണ്.
ഒരു ദിവസം മാത്രം പ്രായമായ ശിശുവിന്റെ ജീവന് രക്ഷിക്കാന്‍ ഫേസ്ബുക്ക് കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് ഒരു നിമിഷം പോലും വൈകാതെ എല്ലാ സഹായവും എത്തിച്ചാണ് ഷൈലജ ടീച്ചര്‍ തന്റെ ഉത്തരവാദിത്തം നിറവേറ്റിയത്. അമ്മ മനസ്സിന്റെ നോവറിഞ്ഞ് ഒപ്പം നില്ക്കുന്ന ടീച്ചര്‍ക്ക് കക്ഷി-രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനപ്രവാഹമാണ്.
അതേസമയം, രണ്ടര വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ജയശ്രീകുമാര്‍. അര്‍ധരാത്രി രണ്ടുമണിയ്ക്ക് അടിയന്തിരസഹായത്തിന് വേണ്ടി വിളിച്ചയാള്‍ക്ക് ഉടനടി ഫോണെടുത്ത് സഹായം ഉറപ്പാക്കി മന്ത്രിയെ കുറിച്ചാണ് ജയശ്രീകുമാര്‍ പറയുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിയ രോഗിയ്ക്ക് വേണ്ട ചികിത്സ നല്‍കാതെ വന്നപ്പോള്‍ ചാനലുകാരുടെ നമ്പര്‍ ചോദിച്ച വിളിച്ച ബന്ധുവിനോട് മന്ത്രിയെ വിളിക്കാന്‍ പറഞ്ഞു. ഷൈജ ടീച്ചര്‍ തന്നെ ഫോണെടുക്കുകയും ആശുപത്രിയധികൃതരോട് സംസാരിക്കുകയും രോഗിയ്ക്ക് വേണ്ട ചികിത്സ ഉറപ്പാക്കുകയും ചെയ്തെന്നാണ് ജയശ്രീകുമാര്‍ പങ്കുവയ്ക്കുന്നത്.
അതേസമയം, ടീച്ചറുടെ മനുഷ്യത്വപരമായ ഇടപെടലിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. രാത്രിയും പകലെന്നുമില്ലാതെ, ഏതുസമയത്തും മന്ത്രിയെ ബന്ധപ്പെട്ടാല്‍ സഹായം ഉടനടി കിട്ടുമെന്ന വിശ്വാസമാണ് ടീച്ചറെ വ്യത്യസ്തയാക്കുന്നത്. തൃശൂരിലെ സോനമോളുടെയും, കാസര്‍ഗോട്ടെ നവജാതശിശുവിന്റെയും ജീവന് രക്ഷിക്കാനെടുത്ത നടപടികളും നിപ്പ ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കളായ റിതുലിനും സി
ദ്ധാര്ഥിനും പനി ബാധിച്ചപ്പോള്‍ ഉടനടി ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി വേണ്ട
ചികിത്സ നല്കിയതും, നിപ്പയല്ലെന്ന് സ്ഥിരീകരിച്ച് അവരെ കേരളത്തിന്റെ മക്കളായി ചേര്‍ത്തുനിര്‍ത്തിയതും തുടങ്ങി നിരവധി സംഭവങ്ങളുണ്ട്.
ജയശ്രീകുമാറിന്റെ പോസ്റ്റ്:
”ഷൈലജ ടീച്ചറെ ഫേസ്ബുക്ക് നിറയെ എല്ലാവരും അഭിനന്ദിക്കുന്നതു കാണുമ്പോള്‍ രണ്ടര വര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ഓര്‍മ്മ വരുന്നു.
അതു നടന്നതു സോഷ്യല്‍ മീഡിയയിലല്ല. പാതിരാത്രിയിലാണ്. ആരുമറിയാതെയാണ്.
സമയം 2 മണി ആകും. കൊച്ചിയില്‍ കിടന്നുറന്ന നേരത്ത് തിരുവനന്തപുരത്തു നിന്ന് അടുത്ത ബന്ധുവിന്റെ വിളി വന്നു. ജനറല്‍ ആശുപത്രിയില്‍ നിന്നാണ്. രോഗിയുമായി വന്നിട്ടു വളരെ നേരമായി. ഇതുവരെ നേരയൊന്നു നോക്കാന്‍ പോലും ആശുപത്രിയിലുള്ളവര്‍ കൂട്ടാക്കിയിട്ടില്ല.
‘എന്തു സഹായമാണു വേണ്ടത്? ‘
അവര്‍ക്കു വേണ്ടത് ചാനലുകാരുടെ നമ്പരാണ്. ഇതു വാര്‍ത്തയാക്കണം.
പാതി ഉറക്കത്തില്‍ ബോധമില്ലാത്തതു കൊണ്ട് തുറന്നു ചോദിച്ചുപോയി.
‘ചികിത്സയാണോ വേണ്ടത്, വാര്‍ത്തയാണോ?
ആരോഗ്യവകുപ്പ് മന്ത്രിയുടെ ഫോണ്‍ നമ്പര്‍ തരാം. നിങ്ങള്‍ വിളിച്ചു കാര്യം പറയൂ. ‘
ബന്ധുവിന് ഞാന്‍ പരിഹസിക്കുന്നതു പോലെയാണ് തോന്നിയത്.
‘മന്ത്രിയിപ്പോള്‍ പട്ടുമെത്തയില്‍ ഉറക്കമായിരിക്കും. ഞങ്ങളിവിടെ ജനറല്‍ ആശുപത്രിയിലെ കൊതുകുകടി കൊണ്ട് ഇരിക്കുകയാണ്. ഏതെങ്കിലും ചാനലുകാരന്റെ നമ്പര്‍ തരാനാകുമോ?’
ചാനലുകാരെ വിശ്വസിച്ച് ജീവിക്കുന്ന സമൂഹത്തെ കുറിച്ചോര്‍ത്ത് സഹതാപം തോന്നി.
‘ഞാനൊന്നു ശ്രമിക്കട്ടെ.’
ഫോണ്‍ കട്ടുചെയ്ത് രണ്ടു മൂന്നു സുഹൃത്തുക്കളെ വിളിച്ചു. ആരും ഫോണെടുത്തില്ല.
ബന്ധുവിനെ വിളിച്ച് കാര്യം പറഞ്ഞു.
ഒരു ചാനലുകാരനപ്പോലും വിളിച്ചുതരാനില്ലാത്തവനായി ഞാന്‍ നിന്നു.
‘നിങ്ങള്‍ മന്ത്രിയുടെ നമ്പറില്‍ ഒന്നു വിളിച്ചു നോക്കൂ. പെഴ്സണല്‍ സ്റ്റാഫിലുള്ള ആരെങ്കിലും ഫോണ്‍ എടുക്കുമായിരിക്കും. അവര്‍ക്കു ചികിത്സ കിട്ടട്ടെ.’
അപ്പുറത്തുള്ളയാള്‍ മനസില്ലാമനസോടെ നമ്പര്‍ വാങ്ങി ഫോണ്‍ കട്ടു ചെയ്തു.
അപ്പോഴേക്കും ഉറക്കം പൂര്‍ണമായും പോയിരുന്നു. എന്ത് വൃത്തികേടാണ് ചെയ്തത് എന്ന് അന്നേരമാണ് തിരിച്ചറിവു വന്നത്. പാതിരാത്രി കഴിഞ്ഞ സമയത്ത് മന്ത്രിയെ വിളിക്കാന്‍ പറഞ്ഞു നമ്പര്‍ കൊടുക്കുക. ഇവിടുത്തെ പത്രക്കാരേക്കാള്‍ വിശ്വസിക്കാം എന്ന ഉത്തമ ബോധ്യവും വിശ്വാസവും കൊണ്ട് ചെയ്തതാണ്. ?എങ്കിലും മോശമായി. അവരും മനുഷ്യരല്ലേ? പിണറായി വിജയന് മന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് അധികനാളായിട്ടില്ല. ഷൈലജട്ടീച്ചറാണ് ആരോഗ്യമന്ത്രി. പരിചയക്കുറവുണ്ട്. ഫോണെടുക്കാന്‍ ആളെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ, അതോ, സ്വിച്ച്ഡ് ഓഫ് ആയിരിക്കുമോ?
നട്ടപ്പാതിരാത്രി വിളിച്ചതിനു തെറി കേള്‍ക്കുമോ?
അവര്‍ വേറെ വഴിയില്‍ ചാനലുകാരെ സംഘടിപ്പിച്ച് മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ കൂടിച്ചേര്‍ത്ത് ലൈവ് തുടങ്ങിക്കാണുമോ?
വാര്‍ത്ത, ചാനലുകാര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അര്മാദിക്കാനുള്ളതാണ്. രോഗിയ്ക്കു ചികിത്സ കിട്ടാന്‍ എന്താണൊരു മാര്‍ഗം?
ഒരു പെഴ്സണല്‍ സ്റ്റാഫെങ്കിലും ഇടപെട്ടാല്‍ മതിയായിരുന്നു.
ഇങ്ങനെ പലതാലോചിച്ച് ഉറക്കം കെട്ടുകിടന്നു.
അരമണിക്കൂര്‍ ആയിക്കാണും. ബന്ധുവിന്റെ വിളി വന്നു. രണ്ടുംകല്പിച്ച് ഫോണെടുത്തു.
ബന്ധുവിന് വിജയിയുടെ ചിരി.
‘ അവരാ ഫോണെടുത്തത്. മിനിസ്റ്റര്‍. എന്റെ ഫോണിലൂടെ ആശുപത്രിക്കാരോടു സംസാരിച്ചു. അതുകഴിഞ്ഞ് ആശുപത്രി ഫോണിലും വിളിച്ചു. നന്നായി കൊടുത്തു. ആശുപത്രിക്കാര് ഇപ്പോള്‍ ഓടി നടന്നു കാര്യം നോക്കുന്നു. ദാ, ഇപ്പോള്‍ വിളിച്ച് ചികിത്സ കിട്ടിയോ എന്നു മിനിസ്റ്റര്‍ ചോദിച്ചതേ ഉള്ളൂ.’
എല്ലാം ഉഷാറായി. എങ്കിലും, ഫോണ്‍ വയ്ക്കുമ്പോള്‍ ബന്ധു തന്റെ മനോഗതം പറയാതിരുന്നില്ല.
‘ചാനലുകാരു കൂടി ഉണ്ടായിരുന്നെങ്കില്‍..’
….
ഒരു ഉത്തമ കമ്യൂണിസ്റ്റിനെ അന്ന് ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്തു.
Discussion about this post