തൃശ്ശൂര്‍: കേരളത്തിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമാണ് തൃശ്ശൂര്‍ പൂരവും തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് എന്ന ആനയും. രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കില്ലെന്ന് കളക്ടര്‍ ടിവി അനുപമ കര്‍ശന നിലപാട് എടുത്തതോടു കൂടിയാണ് സംഭവം സജീവ ചര്‍ച്ചാ വിഷയമായത്. സമ്പൂര്‍ണ്ണ സാക്ഷരത ഉള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെ ഉള്ള വിഷയത്തില്‍ തെരുവിലും മാധ്യമങ്ങളിലും അടികൂടുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവന്‍ മുരളി തുമ്മാരുകുടി.
ലോകം കൃത്രിമബുദ്ധിയെക്കുറിച്ചും സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും തീവ്രവാദം വ്യാപിക്കുന്നതിനെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തിലെ ചര്‍ച്ചകള്‍ ആര്‍ത്തവത്തിലേക്കും ആനയിലേക്കും ചുരുങ്ങുന്നു എന്നും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള് എന്നാണ് അറിയുക എന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ആര്‍ത്തവത്തില്‍ നിന്നും ആനയിലേക്ക്…
ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.
കൃത്രിമ ബുദ്ധിയുടെ വളര്‍ച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാന്‍ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
കാലാവസ്ഥ വ്യതിയാനം നമ്മുടെ ചുറ്റും എത്തിയിരിക്കുന്നു. കാറ്റായി, കാട്ടുതീ ആയി, വരള്‍ച്ച ആയി, വെള്ളപ്പൊക്കം ആയി അത് നമുക്ക് സൂചനകളും മുന്നറിയിപ്പുകളും തരുന്നു.
ലോകമെന്പാടും സ്കൂള്‍ കുട്ടികള്‍ അവരുടെ ഭാവിക്കായി കാലാവസ്ഥ വ്യതിയാനത്തിനെതിരെ പൊരുതുന്നു.
തീവ്രവാദം നമ്മുടെ പടിവാതിക്കല്‍ എത്തി ആളുകളെ കൊന്നൊടുക്കുന്നു. സമൂഹത്തെ വിഭജിക്കുന്നു. മിനിസ്ട്രി ഓഫ് ടോളറന്‍സും സ്കൂളുകളില്‍ പരസ്പരം മനസ്സിലാക്കാന്‍ ക്ളാസ്സുകളും ഒക്കെയായി ദുബായും സിംഗപ്പൂരും രാഷ്ട്ര നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ആരോഗ്യ രംഗത്തെ വിപ്ലവകരമായ പുരോഗതികള്‍ ചരിത്രത്തില്‍ ആദ്യമായി അറുപത്തിയഞ്ചു കഴിഞ്ഞവരുടെ എണ്ണം അഞ്ചു വയസ്സിന് താഴെയുള്ളവരുടേതിനേക്കാള്‍ കൂടുതല്‍ ആക്കിയിരിക്കുന്നു. ഇനി വരാന്‍ പോകുന്നത് വയസ്സന്മാരുടെ ലോകമാണെന്ന് ലോകം തിരിച്ചറിയുന്നു.
സൗരോര്‍ജ്ജ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങള്‍ എണ്ണ അധിഷ്ഠിതമായ സന്പദ്വ്യവസ്ഥകളെ നിഷ്പ്രഭമാക്കാന്‍ പോകുന്നു.
പുറത്തു ജോലി ചെയ്യുന്ന മലയാളികളേക്കാള്‍ കൂടുതല്‍ മറുനാട്ടുകാര്‍ കേരളത്തില്‍ ജോലിക്കെത്തുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പടിവാതിലിലാണ് കേരളം.
നമ്മുടെ ഇന്ത്യയിലെ ഒന്നാമത്തെ നഗരവല്‍ക്കരണ നിരക്കില്‍ കേരളം ഗ്രാമങ്ങളില്‍ നിന്നൊഴിഞ്ഞ് നഗരത്തിലേക്ക് കുടിയേറുന്നു.
നെല്‍പ്പാടം മുതല്‍ റബര്‍ തോട്ടം വരെയുള്ള കൃഷിഭൂമി തരിശായി പ്രകൃതിയിലേക്ക് മടങ്ങാന്‍ റെഡിയാകുന്നു.
ഡ്രൈവറില്ലാത്ത ടാക്സികള്‍ ലോക നഗരങ്ങളില്‍ ഓടാന്‍ തുടങ്ങുന്നു.
ചൊവ്വയിലേക്ക് ആളുകളെ വിടാനും ശൂന്യാകാശത്ത് കോളനികള്‍ തുടങ്ങാനും ലോകം ശ്രമം തുടങ്ങുന്നു.
ഈ ലോകത്ത്, ഒരു തുരുത്തില്, സന്പൂര്ണ്ണ സാക്ഷരതയുള്ള ഒരു ജനത ആര്‍ത്തവം മുതല്‍ ആന വരെയുള്ള വിഷയത്തില്‍ തെരുവിലും സമൂഹ മാധ്യമത്തിലും ടി വി ചാനലിലും അടിപിടി കൂടുന്നു.
മന്ത്രിമാരുടെ, കളക്ടറുടെ, പോലീസ് അധികാരികളുടെ എല്ലാം സമയം ഇത്തരം ‘പ്രശ്നങ്ങള്‍’ കൈകാര്യം ചെയ്യാനായി അപഹരിക്കപ്പെടുന്നു.
എന്നാണ് നമ്മള് ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ എത്താന്‍ പോകുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നമ്മള് എന്നാണ് അറിയാന്‍ പോകുന്നത് ?
എന്താടോ നന്നാവാത്തേ?
മുരളി തുമ്മാരുകുടി,
ഹേഗ്, മെയ് 9, 2019
Discussion about this post