തൃശ്ശൂര്‍: ഏവരെയും ഹരത്തില്‍ ആറാടിച്ച് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി കഴിഞ്ഞു. പക്ഷേ ഇപ്പോഴും പൂരം വിവാദ ചൂടില്‍ തന്നെയാണ്. കാരണക്കാരന്‍ ആകട്ടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഏവരുടെയും നെഞ്ചിലെ ഇഷ്ട ആനയാണ് രാമചന്ദ്രന്‍. പ്രായമേറെയായ ആന ചെറിയ ശബ്ദം പോലും കേട്ടാല്‍ വിരണ്ടോടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വിലക്കാണ് രാമചന്ദ്രന്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.
എന്തൊക്കെ ആയാലും തങ്ങളുടെ ആനയെ വിട്ടുകിട്ടണമെന്ന വാശിയിലാണ് ആനപ്രേമികള്‍. എന്നാല്‍ ഇതിനെതിരെ കര്‍ശന നിലപാട് കൈകൊണ്ടിരിക്കുകയാണ് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകളേ പൂരത്തിന് പങ്കെടുപ്പിക്കാന്‍ പാടില്ല. ഇത്തരം ആനകള്‍ പൂരദിവസം നഗരത്തില്‍ കാണാനും പാടില്ലെന്നുമാണ് കളക്ടറുടെ ഉത്തരവ്.
തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടിവി അനുപമ വ്യക്തമാക്കി. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ഈമാസം 12 മുതല്‍ 14 വരെയാണ് വിലക്ക് നിലനില്‍ക്കുക. അതേസമയം തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെ അനുനയിപ്പിക്കാന്‍ ഇന്നു ചര്‍ച്ച നടത്തും.
ദേവസ്വം മന്ത്രി കടകംപിള്ളി സുേരന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നു വൈകിട്ട് തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകും. വടക്കുന്നാഥ ക്ഷേത്രത്തില്‍ തെക്കേഗോപുര വാതില്‍ തുറക്കാന്‍ കൊണ്ടുവരാന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ രണ്ടു മണിക്കൂര്‍ നേരമെങ്കിലും വിട്ടുകിട്ടണമെന്നാണ് ആവശ്യം.