കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്താണ് തെച്ചിക്കോട് കാവ് ദേവസ്വം ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, ആന ഉടമകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.
പതിമൂന്ന് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവുകയും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ടിവി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരം എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.
വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും അക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന് ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.
അതേസമയം, തൃശ്ശൂര്‍ പൂരം അനുബന്ധിച്ച് ആനകളുടെ എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയാണ് തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ.
Discussion about this post