കഴക്കൂട്ടം: മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി കഴക്കൂട്ടത്ത് റോഡില്‍ കൂട്ടിയിട്ടിരുന്ന പണിസാധനങ്ങളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന് പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചുകയറി യാത്രികന്റെ കാലില്‍ കമ്പി തുളഞ്ഞു കയറുകയായിരുന്നു. രാത്രി വൈകി നടന്ന അപകടത്തില്‍ നിന്നും യാത്രികനെ രക്ഷിക്കാന്‍ അഗ്നിശമനസേന അരമണിക്കൂറോളം പണിപ്പെട്ടു. ഏറെ നേരത്തിന് ശേഷം കമ്പി മുറിച്ചുമാറ്റി യാത്രക്കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കാലില്‍ ബാക്കിയുണ്ടായിരുന്ന കമ്പിക്കഷ്ണം അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പള്ളിപ്പുറം അപ്പോളോ കോളനി സ്വദേശി വിജിത്ത് (21) ആണ് അപകടത്തില്‍പ്പെട്ടത്. കഴക്കൂട്ടം – കോവളം ബൈപാസ് റോഡില്‍ ടെക്‌നോപാര്‍ക്കിന്റെ മുഖ്യകവാടത്തിനു സമീപമാണ് അപകടമുണ്ടായത്.
റോഡിന്റെ മധ്യഭാഗം വരെ നിര്‍മ്മാണസാമഗ്രികളും പില്ലര്‍ നിര്‍മ്മിക്കാനുള്ള കമ്പികൊണ്ടുള്ള ഫ്രെയിമുകളും അലക്ഷ്യമായി വാരിയിട്ടിരുന്നു ആകെയുണ്ടായിരുന്നത് ചുറ്റും വലിച്ചുകെട്ടിയ റിബണ്‍ മാത്രമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവം നടന്നയുടന്‍ വീഴ്ച മറയ്ക്കാനായി സംഭവസ്ഥലത്ത് പോലീസ് റിഫ്‌ലക്റ്ററുള്ള ബാരിക്കേഡ് സ്ഥാപിച്ചു.
വലതുകാല്‍മുട്ടിലാണ് കമ്പി തുളച്ചുകയറിയത്. അഗ്‌നിശമനസേനയാണ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചുമാറ്റിയത്.