തിരുവനന്തപുരം; ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത സംസ്ഥാനമാണ് കേരളമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. വികസനരംഗത്ത് ഒന്നും നേടാന്‍ സാധിക്കാതെ ശരിയായ വികസനം എത്തി നോക്കാത്ത സംസ്ഥാനമാണ് കേരളമെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ദേശീയപാത നിര്‍മ്മാണം അട്ടിമറിക്കാന്‍ കേന്ദ്രത്തിന് കത്തയച്ചെന്ന ആരോപണത്തിന് വിശദീകരണം നല്കാന് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ശ്രീധരന് പിള്ളയുടെ പ്രസ്താവന.
ദേശീയപാത വികസനത്തിന് ബിജെപിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു. വികസനത്തിന് ഒപ്പം നിന്നവരാണ് താനെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു. ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണ് സിപിഎം ഭരണകൂടമെന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ശ്രീധരന് പിള്ള ആരോപിച്ചു.
ദേശീയപാത വികസനം അട്ടിമറിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഢ്കരിക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള കത്തയച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 2018 സെപ്തംബര്‍ പതിനാലിന് ഇത് സംബന്ധിച്ച് കത്തയച്ചു എന്നായിരുന്നു ആരോപണം.
Discussion about this post