കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും അനിയത്തിമാര്‍ പരീക്ഷകളില്‍ ഉന്നത വിജയം സ്വന്തമാക്കി. ഇന്നലെ പ്ലസ്ടു പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയ്ക്ക് മലയാളത്തിന് എ പ്ലസും മറ്റ് വിഷയങ്ങള്‍ക്ക് എ ഗ്രേഡും ലഭിച്ചു.
പെരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു കൊമേഴ്‌സ് ആയിരുന്നു. ഏട്ടന്റെ മരണത്തില്‍ പതറിപ്പോയ കൃഷ്ണപ്രിയ പരീക്ഷ എഴുതുന്നില്ല എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് തീരുമാനം മാറ്റിയത്. ബിരുദത്തിന് ചേരാനാണ് കൃഷ്ണയുടെ തീരുമാനം.
ശരത്‌ലാലിന്റെ സഹോദരി പികെ അമൃത എംകോം പരീക്ഷയില്‍ 78 ശതമാനം മാര്‍ക്ക് നേടി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് എംകോം സ്വന്തമാക്കിയത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമൃത പരീക്ഷ എഴുതിയത്. ബിഎഡ് ആണ് അമൃതയുടെ ലക്ഷ്യം.
അമൃതയുടെയും കൃഷ്ണയുടേയും വിദ്യാഭ്യാസ ചെലവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.
Discussion about this post