പിറവം: സത്യസന്ധനായ ഒരു കള്ളന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാതിരാത്രിയില്‍ മോഷണത്തിനിടെ പലകള്ളന്മാരും ഉറങ്ങിയ വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഈ കള്ളന്‍ താന്‍ വന്ന കാര്യവും എല്ലാം തുറന്ന് പറഞ്ഞിരിക്കുന്നു. ഇതോടെ നാട്ടുകാരും അത്ഭുതത്തിലായി. കള്ളന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കലും കുശലാന്വേഷണവും ഒക്കെ ആയി.
ഇന്നലെ രാത്രി പത്തരയോടെ പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രത്തില്‍ മോഷണത്തിനായെത്തിയ പോത്താനിക്കാട് സ്വദേശി പരീദ് ലൈറ്റും ആളനക്കവും കണ്ട് എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് തിരിച്ചെത്താമെന്ന് കരുതി ചുമ്മാ നടക്കാനിറങ്ങി. നടന്ന വഴിയേ കണ്ട രാജരാജേശ്വരീ ക്ഷേത്രത്തിലേക്ക് രണ്ടും കല്‍പ്പിച്ചങ്ങ് കയറി. ഭണ്ഡാരം കുത്തിത്തുറന്ന് കയ്യില്‍ കിട്ടിയതെല്ലാം വാരിയെടുത്തു. തുടര്‍ന്ന് പള്ളിപ്പാട്ട് തിരിച്ചെത്തിയ പരീദ് സര്‍പ്പക്കാവിന് വശത്തിരുന്ന് ഉറങ്ങിപ്പോയി. പുലര്‍ച്ചെ നടക്കാനിറങ്ങിയ നാട്ടുകാര്‍ ആളനക്കം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ഒന്ന് നീണ്ടു നിവര്‍ന്ന് പരീദിന്റെ എടുത്തടിച്ച മറുപടി. അപ്പുറത്തെ ഭണ്ഡാരം കുത്തിത്തുറന്ന് വന്നതാ. ഇവിടെയെത്തിയപ്പോള്‍ ഉറങ്ങിപ്പോയി. മറുപടി കേട്ട് ഇതെന്ത് കളളനെന്ന് ചിന്തിച്ച് നാട്ടുകാരും.
സംഗതി മോഷണമെങ്കിലും അത് തുറന്ന് പറഞ്ഞ കള്ളനോട് തോന്നിയ സ്‌നേഹത്തില്‍ ചിലര്‍ സെല്‍ഫി എടുത്തു. പിന്നീട് പിറവം പോലീസിനെ വിളിച്ച് പരീദിനെ ഏല്‍പ്പിച്ചു. പിറവം പോലീസ് സ്റ്റേഷനിലുള്ള പരീദിനെ പോലീസ് നാളെ കോടതിയില്‍ ഹാജരാക്കും.