തൃശ്ശൂര്‍: സാധാരണ ഡോക്ടര്‍മാര്‍ എഴുതിയ കുറിപ്പടി ആര്‍ക്കും വായിക്കാന്‍ കഴിയാറില്ല. എന്നാല്‍ ഒരു ഡോക്ടര്‍ എഴുതിയ കുറിപ്പ് മറ്റൊരു ഡോക്ടര്‍ക്ക് വായിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ആര്‍ക്കും മനസിലാകാത്ത കുറിപ്പട പങ്കുവെച്ചിരിക്കുകയാണ് ഡോക്ടര്‍ ജിനീഷ് പിഎസ്.
ഇത് വായിക്കാന്‍ സാധിക്കുന്നവര്‍ ഒന്ന് കമന്റ് ചെയ്യണമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
”ഒരു സുഹൃത്ത് അയച്ചു തന്നതാണ്. മരുന്നുകള്‍ എന്താണെന്ന് പറഞ്ഞു കൊടുക്കാമോ എന്നായിരുന്നു ആവശ്യം. എനിക്ക് വായിക്കാന്‍ സാധിക്കുന്നില്ല എന്ന് മറുപടി നല്‍കി. ഒന്നുരണ്ട് സുഹൃത്തുക്കളോട് ചോദിച്ചിട്ട് അവര്‍ക്കും സാധിക്കുന്നില്ല. അപ്പോഴാണ് അദ്ദേഹം തന്റെ അനുഭവം പറഞ്ഞത്.
ഈ കുറിപ്പടിയുമായി ഒരു മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. അവര്‍ വായിച്ചു നോക്കിയിട്ട് സ്റ്റോക്ക് തീര്‍ന്നു പോയി എന്ന് പറഞ്ഞു. സുഹൃത്ത് അടുത്ത മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. വായിക്കാന്‍ സാധിക്കുന്നില്ല എന്ന് അവിടെനിന്നും മറുപടി ലഭിച്ചു.
സുഹൃത്ത് വീണ്ടും ആദ്യത്തെ മെഡിക്കല്‍ സ്റ്റോറില്‍ ചെന്നു. ”സ്റ്റോക്ക് തീര്‍ന്നതിനാല്‍ ഒരു ഉപകാരം ചെയ്യാമോ, ഇതില്‍ എഴുതിയിരിക്കുന്നത് എന്തെന്ന് പറഞ്ഞുതരാമോ ?”
”എനിക്ക് വായിക്കാന്‍ സാധിക്കാത്തതിനാല്‍ സ്റ്റോക്ക് തീര്‍ന്നു എന്ന് പറഞ്ഞുവെന്നേയുള്ളൂ” ഇതായിരുന്നു മറുപടി.
പിന്നെയും ഒന്നുരണ്ട് മെഡിക്കല്‍ ഷോപ്പില്‍ ചെന്ന ശേഷമാണ് എനിക്ക് അയച്ചു തന്നത്.
ഇത് വായിക്കാന്‍ സാധിക്കുന്നവര്‍ ഒന്ന് കമന്റ് ചെയ്താല്‍ നന്നായിരുന്നു…’