കൊല്ലം: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് പിടിയില്‍. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹരിയും പെണ്‍കുട്ടിയും സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പരിചയക്കാരായിരുന്നു. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും പ്രതി വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വെച്ചും, പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വെച്ചും ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
പെണ്‍കുട്ടിയെ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ താന്‍ വിഷം കഴിച്ചുവെന്നും ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിശോധിച്ച ഡോക്ടറോട് താന്‍ വിഷം കഴിച്ചതല്ല പീഡിപ്പിക്കപ്പെട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.