തൃശ്ശൂര്‍: അമിത വിശപ്പ് എന്ന അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട ഗോപിക എന്ന പതിനാലുകാരിയുടെ സുരക്ഷിത ജീവിതത്തിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. രണ്ട് ദിവസം മുന്‍പാണ് ഗോപികയുടെ രോഗത്തില്‍ ബിജുവിന്റെയും ബിന്ദുവിന്റെയും ദുരിത ജീവിതം സമൂഹത്തിനു മുന്‍പില്‍ തുറന്ന് കൊടുത്തത്. എത്രകഴിച്ചാലും വിശപ്പ് മാറാത്ത അപൂര്‍വ്വ രോഗം പിടിപ്പെട്ട ഗോപികയ്ക്ക് വസയ് 14 ആണെങ്കിലും 115 കിലോ ആണ് ഭാരം.
ഗോപികയുടെ അമിത വിശപ്പിന് വേണ്ട പരിഹാരങ്ങളും ചെയ്യുമെന്ന് നേരത്തെ സ്പീക്കര്‍ അറിയിച്ചിരുന്നു. സ്വന്തമായി കൂരയില്ലാതെ നെഞ്ചില്‍ തീകനലായി കഴിയുന്നതിനും പരിഹാരമായാണ് സ്പീക്കറുടെ വരവ്. മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഷ്ടപ്പെടുന്ന കുടുംബത്തിന് അരിയും സാധനങ്ങള്‍ വേണ്ടുവോളം എത്തുന്നുണ്ട്. പക്ഷേ അലട്ടിയിരുന്നത് സുരക്ഷിതമായ വീടില്ല എന്നതാണ്. ആ ആശങ്കകളാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഇടപെടലില്‍ വഴിമാറിയത്.
ഇവരുടെ ദയനീയ അവസ്ഥ സ്പീക്കറുടെ അടുത്തെത്തിച്ചത് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങളാണ്. ഇതോടെ ഇവരെ കുറിച്ച് അന്വേഷണം നടത്തി സഹായം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ഇരുനൂറ് രൂപ ദിവസ വാടകയ്ക്ക് ഓടുന്ന ബിജുവിന് ശാരീരിക അസ്വാസത്യങ്ങളുമുണ്ട്. വരുമാനത്തിന്റെ മുഴുവനും മകള്‍ക്കായി നല്‍കുമ്പോഴും പിന്നെയും ഭക്ഷണത്തിനായി അയല്‍വാസികളോട് കൈനീട്ടുകയാണ് ഈ കുടുംബം. ഇത്തരത്തില്‍ പണം ചിലവാകുമ്പോള്‍ വീട് പണികഴിപ്പിക്കാന്‍ ബിജുവിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. രണ്ടാംവയസിലാണ് ഗോപികയുടെ അമിത് വിശപ്പിന് തുടക്കം. ഇതോടെ ബിജുവിന് ദുരിത കാലം ആരംഭിച്ചു.
അമ്മ ബിന്ദു ആലപ്പുഴയിലെ സ്വന്തം വീടുവിറ്റ് ചികിത്സിച്ചിട്ടും, ഏറെ ഭക്ഷണം നല്‍കിയിട്ടും മകളുടെ നിലയില്‍ മാറ്റമുണ്ടായില്ല. അമിതവിശപ്പിന് പുറമെ ഓട്ടിസത്തിന്റെ അസ്വസ്ഥതകളും ഉണ്ട് ഈ മോള്‍ക്ക്. ശരീരത്തിന്റെ പലഭാഗത്തും മുറിവുകള്‍ വന്നുതുടങ്ങി. ചൂടുകാലമാകുമ്പോള്‍ വേദന ഇരട്ടിയാകും. കരയുന്ന മകളെ നോക്കി കണ്ണീരൊഴുക്കാന്‍ മാത്രമെ ഈ മാതാപിതാക്കള്‍ക്ക് ആകുന്നുള്ളൂ. മകളെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിനിടെ 6 വര്‍ഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. അപ്പോഴും മകള്‍ക്കായി അന്നം കണ്ടെത്താന്‍ ബിജു മറന്നില്ല. രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ ശ്രമിക്കുമ്പോഴും വീടില്ലാത്തതും ഇവരുടെ അവസ്ഥയെ ഇരട്ടി ദുരിതത്തിലാക്കുന്നുണ്ട്. ഈ വേദനകള്‍ക്കാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ സഹായമെത്തുന്നത്.