കോഴിക്കോട്: രണ്ടു കൈകളുമില്ലാതെ കാലുകളുപയോഗിച്ച് എസ്എസ്എല്‍സി പരീക്ഷ എഴുതി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ദേവിക എന്ന കൊച്ചുമിടുക്കി. വള്ളിക്കുന്ന് സിബിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ദേവിക. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകള്‍ കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത്.
മാതാപിതാക്കള്‍ക്ക് പുറമെ സ്കൂളുകളിലെ അധ്യാപകരും ദേവികയ്ക്ക് നല്ല പിന്തുണയേകി. ഒപ്പം കഠിനാധ്വാനവും ദേവികയെ വന്‍ വിജയത്തിലേക്ക് നയിച്ചു. തന്റെ വൈകല്യത്തിന്റെ പേരില്‍ ഒരു സൗജന്യവും ഒരിക്കല്‍ പോലും ദേവിക വാങ്ങിയിരുന്നില്ല.
ആളെ വച്ച് പരീക്ഷയെഴുതാന്‍ അവസരം ഉണ്ടായിട്ട് പോലും അതിന് മുതിരാതെ സ്വന്തമായി തന്നെ എഴുതിയാണ് വള്ളിക്കുന്ന് സിബിഎച്ച്എസിലെ ഈ മിടുക്കി ഉജ്ജ്വല വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക കാലുകൊണ്ട് മനോഹരമായ ചിത്രം വരയ്ക്കാനും മിടുക്കിയാണ്. സ്വപ്ന ചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
Discussion about this post